സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു 20 കോടി തട്ടി മുങ്ങിയ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി കീഴടങ്ങി. തൃശൂർ വലപ്പാടുള്ള സ്ഥാപനത്തിലാണ് വൻ തട്ടിപ്പ് അരങ്ങേറിയത്. കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹൻ ആണ് കോടികളുമായി മുങ്ങി ഒടുവിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 18 വർഷമായി ധന്യ ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു ധന്യ. വ്യാജ ലോണുകൾ ഉണ്ടാക്കിയാണ് യുവതി സ്ഥാപനത്തിൽ നിന്നു കോടികൾ കൈക്കലാക്കിയത്.
19.94 കോടി തട്ടിയതായാണ് പൊലീസിൻറെ പ്രാഥമിക കണ്ടെത്തൽ. ധന്യയുടേയും മറ്റ് നാല് കുടുംബാംഗങ്ങളുടേയും അക്കൗണ്ടിലേക്ക് 5 കൊല്ലത്തിനിടെ എണ്ണായിരം ഇടപാടുകളിലൂടെയാണ് പണം ഒഴുകിയത്. ഈ പണം ഉപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും വാങ്ങിക്കൂട്ടിയെന്നു പൊലീസ് പറയുന്നു.
സംഭവത്തിനു പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന സംശയവും പൊലീസിനുണ്ട്. വലപ്പാട് സിഐയുടെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് തട്ടിപ്പ് അന്വേഷിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പമാണ് ധന്യ ഒളിവിൽ പോയത്. പിന്നാലെ പൊലീസ് ഇവർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനിടെയാണ് കീഴടങ്ങിയത്. തട്ടിപ്പു നടത്തി ധന്യ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചു.
കമ്പനിയുടെ ഡിജിറ്റൽ പേഴ്‌സണൽ ലോൺ അക്കൗണ്ടിൽ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് 80 ലക്ഷം രൂപ പണം ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലാകും എന്ന് മനസിലാക്കിയതോടെ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നു ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നായിരുന്നു പരാതി.