ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് മാറ്റി കർണാടക സർക്കാർ. ‘ബെംഗളൂരു സൗത്ത്’ എന്നാണ് പുതിയ പേര്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് പുനർനാമകരണത്തിനുള്ള തീരുമാനമെടുത്തത്. നിയമ-പാർലമെൻ്ററികാര്യ മന്ത്രി എച്ച്.കെ പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.
രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കിയിരുന്നു.
രാമനഗരയെ ബെംഗളൂരുവിന്റെ ഭാഗമാക്കി മാറ്റാനാണ് നീക്കം. രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ, ഹാരോഹള്ളി താലൂക്കുകള്‍ ചേര്‍ന്നതാണ് രാമനഗര ജില്ല. രാമനഗരയാണ് ജില്ലാ ആസ്ഥാനം. നഗരത്തില്‍നിന്ന് വിട്ടാണ് ഈ താലൂക്കുകള്‍. ഇവയ്ക്ക് ബെംഗളൂരു സൗത്ത് എന്നുപേരുവരുന്നതോടെ ബെംഗളൂരുവിന്റെ വികസനപദ്ധതികളുടെ ഗുണഫലങ്ങള്‍ ഇവിടേക്കും ലഭിക്കും.
നേരത്തെ രാമനഗരം, ബെംഗളുരു സിറ്റി, ദോദ്ദബല്ലാപ്പൂര്‍, ദേവനഹള്ളി, ഹോസ്‌കോട്ടെ, കനകപുര, ഛന്നപട്ടണം, മഗാഡി തുടങ്ങിയ സ്ഥലങ്ങൾ ബെംഗളുരു ജില്ലയുടെ ഭാഗമായിരുന്നു. എന്നാല്‍ ഭരണസൗകര്യത്തിനായി ബെംഗളൂരു അർബൻ, ബെംഗളൂരു റൂറല്‍, രാമനഗര ജില്ലകളായി ഇതിനെ വിഭജിക്കുകയായിരുന്നു.
‘ബെംഗളൂരു ആഗോളതലത്തില്‍ അറിയപ്പെടുന്ന സ്ഥലമാണ്. അതുകൊണ്ട് തന്നെ ഈ പേരുമാറ്റം അനിവാര്യമാണ്. പേരുമാറ്റം ഈ പ്രദേശങ്ങള്‍ക്കെല്ലാം വലിയ വികസനമുണ്ടാകും. വ്യവസായങ്ങളെ ഇങ്ങോട്ട് ക്ഷണിക്കാനാകും. വസ്‌തുവിന്‍റെ വില വര്‍ധിക്കും. ആന്ധ്രയും തമിഴ്‌നാടുമാണ് ബെംഗളുരുവിന്‍റെ രണ്ട് അതിര്‍ത്തി പ്രദേശങ്ങള്‍. തുംകൂര്‍ മാത്രമാണ് ഈ മേഖലയില്‍ വികസിക്കാനുള്ളത്. പുതിയ ജില്ല ഉണ്ടാക്കുകയല്ല, മറിച്ച് പഴയ ജില്ലയുടെ പേര് മാറ്റുക മാത്രമാണ് ചെയ്തത്’- ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.
ബെംഗളൂരു വികസനത്തിന്റെ ചുമതലയുളള മന്ത്രികൂടിയാണ് ഡി.കെ. ശിവകുമാര്‍. ജെ.ഡി.എസിന്റെ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് രാമനഗര ജില്ല രൂപവത്കരിച്ചത്.