ധാക്ക: വനിത ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെ പത്തുവിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഒരുക്കിയ 81 റൺസ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടമാകാതെ ഇന്ത്യ 11 ഓവറിൽ അടിച്ചെടുക്കുകയായിരുന്നു.
സ്മൃതി മന്ഥാനയുടെ തകർപ്പൻ അർധസെഞ്ച്വറിയാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 39 പന്തിൽ ഒരു സിക്സും ഒമ്പത് ഫോറുമടക്കം 55 റൺസുമായി സ്മൃതി മന്ഥാനയും 28 പന്തിൽ രണ്ട് ഫോറടക്കം 26 റൺസുമായി ഷെഫാലി വർമയും പുറത്താകാതെനിന്നു. വനിത ഏഷ്യാ കപ്പിൽ ഇന്ത്യ ഒമ്പതാം തവണയാണ് ഫൈനലിലെത്തുന്നത്.
ബംഗ്ലാദേശിനായി 32 റൺസ് നേടിയ ക്യാപ്റ്റൻ നിഗാർ സുൽത്താന മാത്രമാണ് തിളങ്ങിയത്. 19 റൺസ് നേടിയ ഷോർണ അക്തറും മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യക്കായി രേണുകാ സിംഗ് നാല് ഓവറിൽ ഒരു മെയ്ഡനടക്കം 10 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. രാധാ യാദവ് നാല് ഓവറിൽ 14 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
രേണുകാ സിംഗിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. പാക്കിസ്ഥാൻ ശ്രീലങ്ക മത്സര വിജയികളെ കലാശപ്പോരാട്ടത്തിൽ ഇന്ത്യ നേരിടും.