തിരുവനന്തപുരം: പാർട്ടി വിമർശനങ്ങളിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ വിമർശനത്തിന് അതീതനല്ലെന്നും വിമർശനം ശരിയെങ്കിൽ തിരുത്തുമെന്നും വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗത്തിൽ സതീശനെതിരെ രൂക്ഷവിമർശനം ഉയരുകയും പിന്നാലെ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ക്യാമ്പ് എക്സിക്യൂട്ടീവിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണം.
താൻ KPCC യോഗത്തിൽ പങ്കെടുത്തില്ല. വിമർശനമുണ്ടായത് വാർത്തയാകേണ്ട കാര്യമില്ല. തന്നെ വിമർശിക്കുന്നത് തെറ്റല്ലെന്നും വി.ഡി സതീശൻ പറഞ്ഞു. വിമർശനത്തിലെ കാര്യങ്ങൾ ശരിയാണെങ്കിൽ തിരുത്തും. യോഗത്തിൽ പറഞ്ഞതും പറയാത്തതും വാർത്തയായി. താൻ നേതാക്കളെ വിമർശിച്ചിട്ടുള്ള ആളാണ്. വിമർശനത്തിന് വിധേയനായതിൽ തനിക്ക് അഭിമാനമുണ്ട്. വിമർശനം ഉൾക്കൊണ്ട് തിരുത്തും അതിനാലാണ് ക്യാമ്പ് എക്സിക്യൂട്ടീവിൽ പങ്കെടുക്കാതിരുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അധ്യക്ഷനോട് ഭാരവാഹികൾക്ക് ചില കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു, അതിന് ചേർന്ന യോഗമാണ്. ആരാണ് ഈ വാർത്തകൾ പുറത്ത് തരുന്നത് എന്നാണ് പരിശോധിക്കേണ്ടതെന്നും വിഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കി.
ജനാധിപത്യ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്ന് കെ സുധാകരന് ന്യായീകരിച്ചു. വിമര്‍ശനങ്ങള്‍ പരിശോധിക്കും. താനും സതീശനും തമ്മില്‍ യാതൊരു പ്രശ്നവുമില്ല. സതീശനെ ഇപ്പോള്‍ കണ്ടാലും ചായ വാങ്ങികൊടുക്കും. എന്തുവിമര്ശനമാണ് ഉയര്‍ന്നതെന്നത് അദ്ദേഹത്തോട് ചോദിക്കണമെന്നും കെ സുധാകരന് പറഞ്ഞു.
കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. അദ്ദേഹം സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നായിരുന്നു നേതാക്കളുടെ വിമർശനം. കെ.പി.സി.സിയുടെ അധികാരത്തിൽ കൈകടത്തുന്നതായും യോഗത്തിൽ വിമർശനമുയർന്നിരുന്നു.