ന്യൂഡല്‍ഹി: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആസൂത്രിത വംശഹത്യയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗസ്സയിലെ ആക്രമണം അംഗീകരിക്കാനാകില്ലെന്നും വംശഹത്യയാണ് അവിടെ നടക്കുന്നതെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക ആക്രമണത്തെ അപലപിക്കാന്‍ ലോകത്തിലെ എല്ലാ സര്‍ക്കാറുകളോടും അവര്‍ ആഹ്വാനം ചെയ്തു.
“ ഇസ്രായേൽ സർക്കാറിന്റെ പ്രവൃത്തിയെ അപലപിക്കുക എന്നത്, വെറുപ്പിലും ഹിംസയിലും വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാർ ഉൾപ്പെടെ, ശരിയായി ചിന്തിക്കുന്ന ഓരോ വ്യക്തിയുടെയും ധാർമിക ഉത്തരവാദിത്തമാണ്. ലോകത്തെ എല്ലാ സർക്കാറുകളും അതിന് തയാറാകണം. ഗസ്സയിലെ വംശഹത്യയിൽ ദിനംപ്രതി ഇല്ലാതാവുന്നത് നിരവധിപ്പേരാണ്. അമ്മമാർ, അച്ഛന്മാർ, ഡോക്ടർമാർ, നഴ്സുമാർ, പത്രപ്രവർത്തകർ, എഴുത്തുകാർ, വൃദ്ധർ, നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ എന്നിങ്ങനെ എല്ലാവരെയും കൊന്നൊടുക്കുകയാണ്.
കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി യു.എസ് കോൺഗ്രസിൽ നടത്തിയ പ്രസംഗം നമ്മൾ കേട്ടു. ‘കാടത്തവും നാഗരികയും തമ്മിലുള്ള പോരാട്ട’മെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. നെതന്യാഹു പറഞ്ഞത് ശരിയാണ്. അദ്ദേഹവും ഇസ്രായേൽ സർക്കാറും കാടത്തമാണ് കാണിക്കുന്നത്. അതിനെ പിന്തുണക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് ലജ്ജാകരമാണ്” -പ്രിയങ്ക എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
നേരത്തെയും പ്രിയങ്ക ഗാന്ധി ഇസ്രായേലിന് ലോകം നല്‍കുന്ന പിന്തുണയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഗസ്സയില്‍ നീതിയുടെയും മാനവികതയുടെയും അന്താരാഷ്ട്ര മര്യാദയുടെയും എല്ലാ നിയമങ്ങളും ലംഘിച്ചുവെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. ഗസ്സയില്‍ നടക്കുന്ന വംശഹത്യയില്‍ ലോകം അന്ധരാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.