ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്തുന്നതിനുള്ള വെളളിയാഴ്ചത്തെ തെരച്ചില്‍ നിര്‍ത്തി. ശക്തമായ മഴ ഇടയ്‌ക്കിടെ പെയ്യുന്നതും അടിയൊഴുക്കും കാരണം മുങ്ങല്‍ വിദഗദ്ധര്‍ക്ക് പുഴയില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ല. ഡ്രോണ്‍ പരിശോധന ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള പരിശോധനകളും അവസാനിപ്പിച്ചു.
അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ചരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
റഡാര്‍, സോണല്‍ സിഗ്നലുകള്‍ കണ്ട സ്ഥലത്തുനിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണ്. ഇതോടെ വെള്ളത്തില്‍ മുങ്ങുന്നതിന് വേണ്ടി ഗോവയില്‍ നിന്ന് ഫ്‌ളോട്ടിങ് പോണ്ടൂണ്‍ എത്തിക്കാനാണ് തീരുമാനം. ഇതുവഴിയാകും മണ്‍കൂനയ്ക്ക് അടുത്തേക്ക് എത്തുക. കുത്തൊഴുക്ക് ഉണ്ടെങ്കിലും വെള്ളത്തില്‍ പരിശോധന നടത്താന്‍ കഴിയുന്ന സംവിധാനമാണ്. ഇന്നത്തെ തിരച്ചിലില്‍ തെര്‍മല്‍ സിഗ്നല്‍സ് ഒന്നും ലഭിച്ചിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം ഷിരൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ ദൗത്യസംഘം കളക്ടര്‍ക്ക് കൈമാറും. കരസേന, നാവികസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഉടന്‍ സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഡൈവേഴ്‌സിന് പരിശോധന നടത്താനാകാത്ത സ്ഥിതിയാണ്.
ഗംഗാവലിപ്പുഴയില്‍ ശക്തമായ അടിയൊഴുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പുഴയില്‍ 6.8 നോട്ട്‌സിന് മുകളിലാണ് ഒഴുക്ക്. മണിക്കൂറില്‍ 13കിലോമീറ്റര്‍ വേഗത്തില്‍ ജലപ്രവാഹവും ഉള്ളതിനാലാണ് രക്ഷാദൗത്യം തുടരാന്‍ സാധിക്കാത്തത്.