ഒമാനിലെ വാദികബീർ വെടിവപ്പ് സംഭവത്തിൽ ഇരകളായ ഇന്ത്യക്കാരുടെ കുടുംബങ്ങൾ മസ്കറ്റ് ഇന്ത്യൻ എംബസിയിലെത്തി സ്ഥാനപതിയെ കണ്ടു. ജൂലൈ 15-ാം തീയതി മസ്‌കറ്റിലെ വാദികബീറിൽ ഉണ്ടായ വെടിവയ്‌പ്പില്‍ ഇരകളായവരുടെ കുടുംബങ്ങളുമായി ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് കൂടിക്കാഴ്ച നടത്തി. ഇവരെ എംബസിയിലേക്കു ക്ഷണിക്കുകയും സ്ഥാനപതിയും എംബസിയിലെ ഉദ്യോഗസ്ഥരും ചേർന്ന് അവരെ സ്വീകരിക്കുകയും ചെയ്തു.
വെടിവയ്പിൽ നാശനഷ്ടം സംഭവിച്ച കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും അവർക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തുവെന്നാണ് എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. വിദേശത്ത് താമസിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പാക്കാനുള്ള ഭാരത സർക്കാരിൻറെ ഉറച്ച പ്രതിബദ്ധതയെപ്പറ്റി സ്ഥാനപതി അമിത് നാരങ് ഊന്നിപ്പറഞ്ഞതായും എംബസിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.