പിരീഡ്‌സ് ദിവസങ്ങള്‍ പല സ്ത്രീകളെയും സംബന്ധിച്ച് ബുദ്ധിമുട്ടേറിയതാണ്. കഠിനമായ വയറുവേദനയും മറ്റ് ആര്‍ത്തവ സംബന്ധ പ്രശ്നങ്ങളും ആ ദിനങ്ങള്‍ ഏറെ ദുഷ്‌കരമാക്കും. ആര്‍ത്തവ രക്തം പുറത്തു കളയാന്‍ ഗര്‍ഭപാത്രത്തിലെ പേശികള്‍ സങ്കോചിക്കുമ്പോഴാണ് വേദനയുണ്ടാകുന്നത്. മാത്രമല്ല രക്തത്തോടൊപ്പം ഗര്‍ഭപാത്രത്തിലെ പുറത്തുള്ള ആവരണം കൂടി പുറത്തേക്ക് പോകുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളും ആര്‍ത്തവ വേദനയ്ക്ക് കാരണമാകുന്നു. വയറുവേദന, കൈകാലുകള്‍ക്കുണ്ടാകുന്ന മരവിപ്പ്, സ്തനങ്ങള്‍ക്ക് വേദന, വിഷാദം, തലവേദന, ഛര്‍ദ്ദി, അമിത ദേഷ്യം തുടങ്ങി പലതരം വിഷമഘട്ടങ്ങളിലൂടെയാണ് ആര്‍ത്തവസമയത്ത് സ്ത്രീകള്‍ കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള സമയമാണിത്.
മാസമുറ സമയത്ത് വയറുവേദന സാധാരണയാണ്. കാരണം, ഗര്‍ഭപാത്രത്തിനകത്തുള്ള ഒരു ആവരണം എല്ലാ മാസവും ഇളകി പോയിക്കഴിഞ്ഞു പുതിയത് വരാനുള്ള തയ്യാറെടുപ്പാണ് മാസമുറ എന്നത്. ഈ പ്രവര്‍ത്തനത്തില്‍ ഗര്‍ഭപാത്രം ചുരുളുകയും വികസിക്കുകയും ചെയ്യുന്നു. എന്നാല്‍ അമിതമായി വളരെ ശക്തയായി ഗര്‍ഭപാത്രം ഈ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സമീപത്തുള്ള രക്തക്കുഴലുകള്‍ അടഞ്ഞുപോകുന്നതിന്റെ ഭാഗമായി മസിലുകളിലേക്കുള്ള ഓക്സിന്‍ സപ്ലേ ഇല്ലാതാകുന്നതാണ് വയറുവേദനയുടെ കാരണം.ഇത് സ്വാഭാവികമായ ആര്‍ത്തവ സമയത്തുള്ള വേദനയുടെ കാര്യമാണ്.
മറ്റ് കാരണങ്ങള്‍…
എന്‍ഡോമെട്രിയോസിസ്
ഗര്‍ഭപാത്രത്തിനകത്തെ ആവരണം അതിന് പുറത്തും, അണ്ഡാശയങ്ങളുടെ പുറത്തും കുടലിന് പുറത്തും മറ്റ് കോശങ്ങളിലും പറ്റിപിടിച്ച് വളര്‍ന്നിരിക്കുന്ന അവസ്ഥയാണിത്. ഹോര്‍മോണ്‍ തകരാര്‍, അമിതവണ്ണം പോലുള്ളവ എന്‍ഡോമെട്രിയോസിസിന് കാരണമാകാറുണ്ട്. മാസമുറ സമയത്തുള്ള വയറുവേദന ഏറ്റവും കഠിനമായി ഇവര്‍ക്ക് അനുഭവപ്പെടുന്നു.
ഗര്‍ഭാശയമുഖം
ഗര്‍ഭാശയമുഖം ചുരുങ്ങി അടഞ്ഞിരിക്കുന്നത് മാസമുറയുടെ വേദന കൂടാന്‍ മറ്റൊരു കാരണമാണ്. ഇത് സാധാരണ ഒരു പ്രസവം കഴിയുമ്പോള്‍ മാറുന്നതായി കണ്ട് വരുന്നു.
ഗര്‍ഭാശയമുഴകള്‍
മുഴകള്‍ ഗര്‍ഭപാത്രത്തില്‍ അധികമായി വളരുന്ന സാഹചര്യത്തില്‍ അമിതമായി വയറുവേദന ഉണ്ടാകാം.
ആര്‍ത്തവ നാളിലെ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന 5 പരിഹാരങ്ങള്‍ അറിയാം
യോഗ
ആര്‍ത്തവ സമയത്തെ വേദന കുറയാന്‍ യോഗ സഹായിക്കും. വേദന ശമിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ആസനങ്ങളുണ്ട് ഇവ ആര്‍ത്തവസമയത്ത് ചെയ്യാം. ഗൗമുഖാസനം, ഭുജംഗാസനം, ജാനു സിര്‍സാസന എന്നിവ നിങ്ങള്‍ക്ക് വേദന കുറയ്ക്കാനായി ചെയ്യാവുന്ന അത്തരം ചില ആസനങ്ങളാണ്.
കുതിര്‍ത്ത ഉണക്കമുന്തിരിയും കുങ്കുമപ്പൂവും
മാസമുറയുടെ വേദന മാറ്റാന്‍ ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യങ്ങളില്‍ ഒന്നാണിത്. നിങ്ങള്‍ 3-4 ഉണക്കമുന്തിരി കുതിര്‍ത്ത് രാവിലെ കുറച്ച് കുങ്കുമപ്പൂവും ചേര്‍ത്ത് വെറുവയറ്റില്‍ കഴിക്കുക, സെലിബ്രിറ്റി ന്യൂട്രീഷ്യന്‍ റുജുത ദിവേകര്‍ നിര്‍ദ്ദേശിച്ച പ്രതിവിധിയാണിത്.
വാഴപ്പഴം
വാഴപ്പഴത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ആര്‍ത്തവ വേദനയെ നേരിടാനും ഇത് സഹായിക്കും. വിറ്റാമിന്‍ ബി 6, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമായ വാഴപ്പഴം വയറുവേദനയും മറ്റ് അസ്വസ്ഥതകളും നേരിടാന്‍ സഹായിക്കുന്നു.
ചൂടുവെള്ളം
ചൂട് വെക്കുന്നത് വേദന ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു. ഹീറ്റിംഗ് പാഡ്, ചൂടുള്ള ടവ്വല്‍ ചൂടുവെള്ളം ഒഴിച്ച കുപ്പി എന്നിവ വേദന കുറയ്ക്കാനായി ഉപയോഗിക്കാം. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും അഭികാമ്യമാണ്.
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആര്‍ത്തവ വേദനയ്ക്ക് ആശ്വാസം പകരുമെന്ന് പറയപ്പെടുന്നു. ഇരുണ്ട ചോക്ലേറ്റുകളില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട് ഇത് പേശികളെ അയയ്ക്കുകയും വേദന കുറയ്ക്കാനും സഹായിക്കുന്നു. ഒരു പിടി ബദാം അല്ലെങ്കില്‍ മത്തങ്ങയുടെ വിത്തുകള്‍ പോലുള്ള മഗ്‌നീഷ്യം അടങ്ങിയ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും നിങ്ങള്‍ക്ക് കഴിക്കാം.