കൊച്ചി: കേരളത്തിലെയും യുഎഇയിലെയും കലാകാരന്‍മാരുടെ മികവിന് ആഗോള വേദിയൊരുക്കി കൊച്ചി ദര്‍ബാര്‍ ഹാളില്‍ അന്താരാഷ്ട്ര ആര്‍ട്ട് എക്‌സിബിഷന് തുടക്കമായി. കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരന്‍മാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന റിസ്ഖ് ആര്‍ട്ട് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലാണ് എക്‌സിബിഷന്‍ നടക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.
കലാകാരന്‍മാര്‍ക്ക് ആഗോളവേദിയൊരുക്കുന്ന റിസ്ഖ് ആര്‍ട്ട് ഇനീഷേറ്റീവിന്റെയും ഷഫീന യൂസഫലിയുടെയും ചുവടുവയ്പ്പ് മാതൃകാപരമെന്നും കേരളത്തിലെ കലാകാരന്‍മാര്‍ക്ക് മികച്ച അവസരമാണ് റിസ്ഖ് ആര്‍ട്ട് ഇനീഷേറ്റീവ് നല്‍കുന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്തോ അറബ് സാംസ്‌കാരിക കൈമാറ്റത്തിന്റെ വേദികൂടിയാണ് എക്‌സിബിഷനെന്നും, കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരന്‍മാര്‍ക്ക് പിന്തുണയുടെ വാതില്‍തുറക്കുകയാണ് പ്രദര്‍ശനമെന്നും റിസ്‌ക് ആര്‍ട്ട് ഇനീഷേറ്റീവ് ഫൗണ്ടര്‍ കൂടിയായ ഷഫീന യൂസഫലി അഭിപ്രായപ്പെട്ടു.
ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, അബുദാബി ആര്‍ട്ട് ഡയറക്ടര്‍ ദിയാല നസീബ്, റിസ്ഖ് ആര്‍ട്ട് ഇനീഷേറ്റീവ് ക്രീയേറ്റീവ് ഡയറക്ടര്‍ മീന വാരി, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളി കൃഷ്ണന്‍, റിസ്ഖ് ആര്‍ട്ട് ഇനീഷേറ്റീവ് കോര്‍ഡിനേറ്റര്‍ മാളവിക എസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. യുഎഇയില്‍ നിന്നുള്ള കലാകാരന്‍മാരും ചടങ്ങില്‍ ഭാഗമായി. എക്‌സിബിഷന്‍ ആഗോള കലാമേളയായി മാറുമെന്ന് വീഡിയോ സന്ദേശത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍ അഭിപ്രായപ്പെട്ടു. യുഎഇയിലെ കലാകാരന്‍മാരുടെ സൃഷ്ടികളാണ് പ്രത്യേകമായി പ്രദര്‍ശനത്തിനെത്തുന്നത്.