കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈബർ ആക്രമണത്തിനെതിരെ കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ അര്‍ജുന്റെ കുടുംബം മന്ത്രി പി എ മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇന്ന് പരാതിക്കാരുടെ വിശദ മൊഴി രേഖപ്പെടുത്തി.
അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി സൈന്യം ഇറങ്ങിയ ദിവസം അമ്മ ഷീല വൈകാരികമായി നടത്തിയ പ്രതികരണത്തിലെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് കുടുംബത്തിന് നേരെ ചിലര്‍ സൈബര്‍ ആക്രമണം തുടങ്ങിയത്.
അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ യുവജന കമ്മീഷന്‍ കേസെടുത്തിരുന്നു, സൈബര്‍ ആക്രമണം നടത്തിയ ഫേസ്ബുക്ക്, യുട്യൂബ് അക്കൗണ്ടുകള്‍ കണ്ടെത്തി നടപടി എടുക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, ഷിരൂർ രക്ഷാ ദൗത്യത്തിൽ പ്രതിരോധ മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തയച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരമായി കൂടുതൽ സഹായം എത്തിക്കണമെന്നും കൂടുതൽ മുങ്ങൽ വിദഗ്ധരെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നേവിയുടെ അത്യാധുനിക ഉപകരണങ്ങൾ എത്തിക്കണം, സത്തേൺ, ഈസ്റ്റേൺ നേവൽ കമാൻഡുകളിൽ നിന്ന് മുങ്ങൽ വിദഗ്ധരെ എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം കർണാടകവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിദഗ്ധരും ഉപകരണങ്ങളും രക്ഷാദൗത്യത്തെ വലിയ തോതിൽ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.