Crime

അശ്ലീല വിഡിയോ പ്രചരിപ്പിച്ചു; അട്ടപ്പാടിയില്‍ വ്‌ളോഗറെ കെട്ടിയിട്ട് തല്ലി തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍

അട്ടപ്പാടി: സ്ത്രീകളുടെ നഗ്നദൃശ്യം ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചെന്ന് ആരോപിച്ച്‌ വ്ളോഗറെ കെട്ടിയിട്ട് തല്ലി തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍. കോട്ടത്തറ ചന്തക്കട സ്വദേശിയായ മുഹമ്മദലി ജിന്നയെന്ന വ്‌ളോഗറെയാണ് സ്ത്രീകള്‍ കെട്ടിയിട്ടടിച്ചത്.

ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളും മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും പ്രചരിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ പരാതി.

തമിഴ്‌നാട്ടില്‍ നിന്നുളള ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെക്കുറിച്ചടക്കം അസഭ്യവര്‍ഷം നടത്തുന്നതാണ് വ്‌ലോഗറുടെ രീതി. റൊമാന്റിക്ക് ജിന്ന ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ പ്രത്യക്ഷപ്പെടുന്നത് അനുമതിയില്ലാതെ ചിത്രീകരിക്കുന്ന ലൈംഗിക ചുവയുളള വീഡിയോകള്‍ അടക്കമാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘം ഇന്ന് ജിന്നയുടെ കടയിലെത്തി പൊതിരെ തല്ലുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗളി പോലീസാണ് വ്ളോഗറെ കെട്ടഴിച്ചു വിട്ടത്. സംഭവത്തില്‍ തല്ലിയവര്‍ക്കും വ്ളോഗര്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.