കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവില്‍ സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. മലബാര്‍ എജുക്കേഷന്‍ മൂവ്‌മെന്റ് എന്ന സംഘടനയാണ് പ്ലസ് ടു സീറ്റുകളുടെ കുറവ് ചോദ്യം ചെയ്ത് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
മലബാർ മേഖലയിൽ പുതിയ ഹയർസെക്കൻഡറി സ്കൂളുകളും അധിക ബാച്ചുകളും ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. പ്ലസ് ടു സീറ്റും അപേക്ഷകരുടെ എണ്ണവും കൃത്യമായി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം മാത്രമേ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ എന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ പ്ലീഡര്‍ അറിയിച്ചു. അടുത്തമാസം ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
സീറ്റ് പ്രതിസന്ധിക്ക് പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾക്കിടെ മലബാറിൽ താത്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. മലപ്പുറത്ത് 120 അധിക ബാച്ചുകളും കാസർകോട് 18 ബാച്ചുകളും അനുവദിക്കുമെന്നാണ് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.