സ്ത്രീകളോട് മോശമായ പെരുമാറ്റവും ലൈംഗികാതിക്രമവും നടത്തിയെന്ന ആരോപണത്തിൽ തെന്നിന്ത്യൻ നടൻ ജോൺ വിജയ്ക്കെതിരായ തെളിവുകൾ പുറത്ത്. കുറച്ച് സ്ത്രീകൾ നൽകിയ പരാതികളുടെ സ്ക്രീൻഷോട്ടുകൾ ഗായിക ചിന്മയി ആണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
അഭിമുഖമെടുക്കാൻ പോയ മാധ്യമപ്രവർത്തകയോട് നടൻ മോശമായി പെരുമാറിയെന്ന് സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് നടനെതിരെ ഒന്നിലധികം പരാതികളുള്ളതിന്റെ തെളിവായി സ്ക്രീൻഷോട്ട് പുറത്തുവിട്ടത്.
ജോലി സ്ഥലത്തും പബ്ബുകളിലും റെസ്റ്റോറന്റുകളിലുംവെച്ച് ജോൺ വിജയ് സ്ത്രീകളെ മോശമായ രീതിയിൽ നോക്കുകയും അവരിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു എന്നാണ് ചിന്മയി പുറത്തുവിട്ട സ്ക്രീൻഷോട്ടുകളിലെ ഉള്ളടക്കം സൂചിപ്പിക്കുന്നത്. അഭിമുഖത്തിന് ചെന്നപ്പോൾ എല്ലാവരുടേയും മുന്നിൽവെച്ച് ഇടുപ്പിൽ സ്പര്‍ശിച്ചുവെന്നും ആ ഷോയുടേത് ഒരു വനിതാ സംവിധായികയായിരുന്നെന്നും അവർപോലും നടന്റെ ഈ പ്രവൃത്തി നോക്കിനിന്നു എന്ന ഒരു മാധ്യമപ്രവർത്തകയുടെ പരാതിയും ഇതിലുണ്ട്.
‘ഇയാൾ പൊതുജനങ്ങൾക്ക് വരെ ഒരു ശല്യമാണ്. ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദർശകനാണ് ജോൺ വിജയ്. ‘നോ’ എന്ന വാക്കിന്റെ അർത്ഥം ഇയാൾക്ക് അറിയില്ല. ഒരിക്കൽ ശല്യം സഹിക്ക വയ്യാതെ ഞാൻ ക്ലബിലെ ബൗൺസർമാരെ അറിയിക്കുകയായിരുന്നു’, ചിന്മയി പോസ്റ്റ് ചെയ്ത ഒരു സ്ക്രീൻഷോട്ടിന്റെ ഉള്ളടക്കം ഇങ്ങനെയാണ്.
മുൻപും നടനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഒരു വീഡിയോ ജോക്കി ഉൾപ്പെടെ നിരവധി സ്ത്രീകൾ ജോൺ വിജയ്ക്കെതിരെ മീ ടൂ ഉന്നയിച്ച് രംഗത്തെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ 2018-ൽ ജോൺ വിജയ് മാപ്പപേക്ഷിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.