ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന് ചേരും. എൻ ഡി എ സഖ്യത്തിലെ മുഖ്യമന്ത്രിമരെല്ലാം യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർ ഒഴികെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു എന്നിവർ പങ്കെടുക്കില്ല.
കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന കാരണത്താലാണ് മുഖ്യമന്ത്രിമാർ ബഹിഷ്കരണം പ്രഖ്യാപിച്ചത്. ജൂലൈ 23 ന് നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്നാണ് പ്രതിപക്ഷത്തിന്റെ പൊതു അഭിപ്രായം.
ബജറ്റിലെ വിവേചനത്തിനെതിരെയും ബംഗാൾ വിഭജിക്കാനുള്ള ഗൂഢാലോചനയ്ക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തും. ഇതിന് അവസരം ലഭിച്ചില്ലെങ്കിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകും. യോഗത്തിൽ പങ്കെടുക്കാത്ത മറ്റുള്ളവർക്കു വേണ്ടിക്കൂടി താനും ഹേമന്ത് സോറനും ശബ്ദമുയർത്തുമെന്നും മമത പറഞ്ഞു. നിതി ആയോഗ് പുനഃസംഘടിപ്പിച്ചതിനു ശേഷം നടക്കുന്ന ആദ്യ ഗവേണിങ് കൗൺസിൽ യോഗമാണ് ഇന്നത്തേത്. ശുദ്ധജലം, വൈദ്യുതി, ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, ഭൂമിയും വസ്തുവകകളും എന്നീ 5 പ്രധാന പ്രമേയങ്ങളിലാണു ചർച്ചകൾ.