മംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ 12-ാം ദിവസത്തിൽ. ഇന്ന് കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ നടത്തും. ഇന്നലെ ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ചാവും ഇന്നത്തെ തിരച്ചിൽ. മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ഇന്ന് ഒഴുകുന്ന പാലത്തിന്റെ നിർമാണം തുടങ്ങും. ഉച്ചയോടെ പാലത്തിന്റെ നിർമാണം ആരംഭിക്കും. കരയിലെ പരിശോധന രാവിലെ 7.30ഓടെ ആരംഭിക്കും. പ്രദേശത്ത് കനത്ത മഴ തുടരുന്നുണ്ട്. ഉത്തര കന്നഡ ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റിട്ട. മേജർ ജനറൽ ഇന്ദ്രബാലിന്റെ നേതൃത്വത്തിൽ വിദഗ്ദസംഘം നടത്തിയ പരിശോധനയിൽ നാലിടത്ത് സിഗ്നൽ ലഭിച്ചിരുന്നു. ഇന്നലെ ഒരു ദൃക്സാക്ഷി ലോറി ഒഴുകി പോകുന്നത് കണ്ടതായി പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലാമത്തെ സിഗ്നൽ ലഭിച്ചത്.