പ്രയാഗ്‌രാജ് : ഗർഭധാരണം തുടരണോ അതോ ഗർഭച്ഛിദ്രം നടത്തണോ എന്നത് ഒരു സ്ത്രീയുടെ തീരുമാനമാണെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗത്തിന് ഇരയായ 15 വയസുകാരി പെൺകുട്ടിയുടെ 32 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ഗർഭാവസ്ഥയുമായി മുന്നോട്ട് പോകാനും കുഞ്ഞിനെ ദത്ത് നൽകാനും തീരുമാനിച്ചാലും, അത് കഴിയുന്നത്ര സ്വകാര്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള കടമ സംസ്ഥാനത്തിനാണെന്നും കോടതി പറഞ്ഞു. 32 ആഴ്ച വളർച്ചയെത്തിയ ഭ്രൂണം ഗർഭച്ഛിദ്രം നടത്തുന്നതിലെ അപകട സാധ്യതകളെകുറിച്ച് അതിജീവിതയ്‌ക്കും മാതാപിതാക്കൾക്കും ബോധവത്കരണം നൽകിയ കോടതി ഇതിനുള്ള അനുമതി നിഷേധിച്ചു. ജസ്റ്റിസ് ശേഖർ ബി സരഫ്, ജസ്റ്റിസ് മഞ്ജീവ് ശുക്ല എന്നിവരടങ്ങുന്ന ബെഞ്ചിൻേതാണ് വിധി.
മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘമാണ് അതിജീവിതയുടെ ആരോഗ്യനില പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. ഗർഭാവസ്ഥ തുടരുന്നത് 15 കാരിക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും ഈ ഘട്ടത്തിൽ ഗർഭച്ഛിദ്രം നടത്തുന്നത് ജീവനുതന്നെ ഭീഷണിയാണെന്ന് ചീഫ് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. കോടതി ഹർജിക്കാരിക്കും മാതാപിതാക്കൾക്കും ഇത് സംബന്ധിച്ച കൗൺസിലിംഗ് നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് അതിജീവിതയും മാതാപിതാക്കളും കോടതി വിധി അംഗീകരിക്കുകയായിരുന്നു.