Health

സ്ഥിരമായി ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? വീട്ടില്‍ തന്നെ പരിഹരിക്കാം, ഇതൊന്ന് പരീക്ഷിച്ച് നോക്കൂ-Home remedies for dry lips

വിണ്ടുകീറിയ ചുണ്ടുകള്‍ ഏത് സമയത്തും ഒരു പ്രശ്‌നമാണ്. ഇതുണ്ടാകുവാന്‍ ശൈത്യമോ വേനല്‍ക്കാലമോ വരണമെന്നില്ല. പാരിസ്ഥിതിക ഘടകങ്ങളുടെയും വ്യക്തിഗത ശീലങ്ങളുടെയും ഫലമായി ചുണ്ടുകള്‍ക്ക് ഈ അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ ചുണ്ടുകള്‍ക്ക് ജലാംശം, പോഷണം എന്നിവ നല്‍കുക എന്നതാണ് ഈ പ്രശ്നം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. ചുണ്ടുകള്‍ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, സ്വയം ജലാംശം നിലനിര്‍ത്താതിരിക്കുക എന്നത്.

നിങ്ങള്‍ ഏതൊക്കെ പരിഹാരങ്ങളോ ലിപ് ബാമുകളോ ഉപയോഗിച്ചാലും, വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കില്‍, നിങ്ങളുടെ ചുണ്ടുകള്‍ വീണ്ടും വരണ്ടതുമായി മാറും. ലിപ് ബാമുകള്‍ തീര്‍ച്ചയായും സഹായിക്കുമെങ്കിലും, ആശ്വാസത്തിനായി നിങ്ങള്‍ക്ക് പ്രയോഗിച്ച് നോക്കുവാന്‍ കഴിയുന്ന പലതരം വീട്ടുവൈദ്യങ്ങളും ഉണ്ട്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ വരണ്ട ചര്‍മ്മത്തിന് നല്ലൊരു പ്രതിവിധിയാണ്. ഒലിവ് ഓയിലില്‍ നിരവധി ആന്റി ഓക്സിഡന്റുകളുണ്ട്. ചുണ്ടിന് ആവശ്യമായ പോഷണം നല്‍കാന്‍ ഇത് സഹായിക്കും. ചുണ്ടില്‍ ഒലിവ് ഓയില്‍ പുരട്ടുന്നത് ഫിനിഷിങ് നല്‍കാനും ചുണ്ട് മനോഹരമായി ഇരിക്കാനും സഹായിക്കും.

നാരങ്ങാനീര്

നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് വരള്‍ച്ച അകറ്റാന്‍ സഹായിക്കും.

നെയ്യ്

ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ നെയ്യ് സഹായിക്കുന്നു. നെയ്യ് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടിന് നിറം നല്‍കാന്‍ ഫലപ്രദമാണ്.

പാല്‍

പാലില്‍ ലാക്ടിക് ആസിഡ് ഉള്ളത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ചുണ്ടിന്റെ വരള്‍ച്ച അകറ്റാന്‍ ഇത് സഹായിക്കും. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്‍പ്പം പാല്‍ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.

റോസ് വാട്ടര്‍

റോസ് വാട്ടറിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും മികച്ചതാണ് റോസ് വാട്ടര്‍. ദിവസവും ചുണ്ടില്‍ റോസ് വാട്ടര്‍ പുരട്ടുന്നത് വരള്‍ച്ച അകറ്റാന്‍ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേര്‍ത്ത് പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്. ദിവസവും രണ്ട് നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നല്‍കാനും റോസ് വാട്ടര്‍ സഹായിക്കും.

വെളളരിക്ക നീര്

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ഏറ്റവും നല്ലതാണ് വെള്ളരിക്ക നീര്. ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിന് മുമ്പ് വെള്ളരിക്ക നീരും റോസ് വാട്ടറും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് നിറം നല്‍കുകയും വരള്‍ച്ച തടയാനും സഹായിക്കും.

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍…

1. ധാരാളം വെള്ളം കുടിക്കുക.
2. രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. രാവിലെ ചുണ്ടുകള്‍ വരണ്ടിരിക്കാതിരിക്കാന്‍ ഇത് സഹായിക്കും.
3. ചുണ്ടുകള്‍ ഇടയ്ക്കിടെ നനയ്ക്കാതിരിക്കുക. ഉമ്മിനീര് ചുണ്ടില്‍ നിന്ന് വറ്റുന്നതോടെ, അവ നമ്മുടെ ശരീരം ഉദ്പാദിപ്പിക്കുന്ന എണ്ണമയവും ഇല്ലാതാക്കും.
4. രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാന്‍ ചുണ്ടുകള്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്.
5. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. മാതളം ജ്യൂസ്, വെള്ളരിക്ക ജ്യൂസ്, തണ്ണിമത്തന്‍ ജ്യൂസ് പോലുള്ളവ ധാരാളം കുടിക്കുക.
6. ഇടയ്ക്കിടെ നാവുകൊണ്ട് ചുണ്ട് നനയ്ക്കുന്ന സ്വഭാവം ഒഴിവാക്കുക. ചുണ്ടിലെ നനവു നിലനിര്‍ത്തുന്ന എണ്ണമയത്തിന്റെ നേര്‍ത്ത ആവരണം ഓരോ തവണ ചുണ്ടുനനയ്ക്കുമ്പോഴും നഷ്ടപ്പെടും.

[ ചുണ്ട് വിണ്ടുകീറല്‍ അലട്ടുന്നുണ്ടെങ്കില്‍, ഒരു ആരോഗ്യ വിദഗ്ധനെ കണ്ടതിന് ശേഷം മാത്രം മേല്‍ പറഞ്ഞ കാര്യങ്ങള്‍ പരീക്ഷിക്കുക]