Health

മുഖത്തെ രോമ വളര്‍ച്ച തടയാന്‍ ഇതാ ചില നുറുങ്ങു വിദ്യകള്‍-Facial hair removal remedies

സൗന്ദര്യം നില നിര്‍ത്താന്‍ വേണ്ടി മുടങ്ങാതെ ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിക്കുന്നവരാണ് മിക്കവാറും. മുഖത്തെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ സലൂണുകള്‍ സന്ദര്‍ശിക്കുന്നവരും ഒട്ടും ചുരുക്കമല്ല. മുഖത്തെ രോമം നീക്കം ചെയ്യാനായി ഇനി ഇത്തരം പാര്‍ലറുകള്‍ സന്ദര്‍ശിക്കേണ്ട. കാരണം മറ്റൊന്നുമല്ല, ഒട്ടും ചിലവില്ലാതെ ഇതിനായി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. പൂര്‍ണ്ണമായും പ്രകൃതിദത്തമായതും സ്വയം തയ്യാറാക്കാവുന്നതും ആയ ചില് പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

മുഖത്തെ രോമവളര്‍ച്ച തടയാനുള്ള പ്രകൃതിദത്തമായ രീതികള്‍ എന്തൊക്കെയാണെന്ന് അറിയാം

നാരങ്ങയുടെയും പഞ്ചസാരയുടെയും മിശ്രിതം

മുഖത്തെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന ഒരു കൂട്ടാണിത്. ഒരു ടീസ്പൂണ്‍ പഞ്ചസാര, 2 ടീസ്പൂണ്‍ നാരങ്ങ നീര്, 3 ടീസ്പൂണ്‍ വെള്ളം എന്നിവ നന്നായി യോജിപ്പിച്ച് ഒരു പായ്ക്ക് തയ്യാറാക്കാം. പഞ്ചസാര പൂര്‍ണമായും അലിഞ്ഞ് നേര്‍ത്ത പേസ്റ്റായി മാറുന്നത് വരെ ഇത് മിക്സ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ മുഖത്ത് ഈ മിശ്രിതം പുരട്ടി 20-30 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. മുഖത്തെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ ഈ പായ്ക്ക് സഹായിക്കും. നാരങ്ങയുടെ ബ്ലീച്ചിംഗ് ഗുണങ്ങളും പഞ്ചസാരയുടെ എക്‌സ്‌ഫോളിയേറ്റിംഗ് ഗുണങ്ങളും ചര്‍മ്മത്തിന് ദീര്‍ഘകാല തിളക്കം നല്‍കും. എന്നാല്‍ നിങ്ങളുടെ ചര്‍മം വരണ്ടതാണെങ്കില്‍ 15-20 മിനിറ്റിലധികം നേരം ഈ പായ്ക്ക് മുഖത്ത് വെക്കാന്‍ പാടില്ല. വരണ്ട ചര്‍മ്മമുള്ളവര്‍ 15-20 മിനിറ്റിനുള്ളില്‍ ഇത് കഴുകി കളയണം. രോമങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യാനായി ഓരോ ദിവസവും ഇടവിട്ട് ഇത് മുഖത്ത് പ്രയോഗിക്കാം.

ചെറുപയര്‍ പൊടി, മഞ്ഞള്‍, റോസ് വാട്ടര്‍ മിശ്രിതം

നിങ്ങളുടെ ചര്‍മ്മത്തെ മൃദുലമായി നിലനിര്‍ത്താന്‍ ഈ മിശ്രിതം സഹായിക്കുന്നു. ചെറുപയര്‍ പൊടിയും മഞ്ഞളും തുല്യ അളവില്‍ എടുത്ത് അതില്‍ റോസ് വാട്ടര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മുഖം വൃത്തിയാക്കിയ ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടുക. 15 മുതല്‍ 20 മിനിറ്റ് വരെ ഉണങ്ങാന്‍ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. അതിനുശേഷം നിങ്ങളുടെ മുഖം മോയ്സ്ചറൈസ് ചെയ്യുക.

വാഴപ്പഴം, ഓട്‌സ് സ്‌ക്രബ്

മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ വാഴപ്പഴത്തിനുണ്ട്. വാഴപ്പഴത്തിന്റെ കൂടെ ഓട്‌സ് കൂടി ചേര്‍ക്കുമ്പോള്‍ അതിന്റെ ഗുണം ഇരട്ടിക്കുന്നു. പഴുത്ത വാഴപ്പഴം നന്നായി ഉടച്ചെടുക്കുക. വാഴപ്പഴത്തില്‍ 2 ടീസ്പൂണ്‍ പൊടിച്ചെടുത്ത ഓട്സ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് സ്‌ക്രബ് തയ്യാറാക്കാം. ഈ മിശ്രിതം മുഖത്തു പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. നിങ്ങളുടെ മുഖത്തെ നിര്‍ജീവമായ ചര്‍മ്മ കോശങ്ങളോടൊപ്പം രോമവും നീക്കം ചെയ്യാന്‍ ഓട്സ് സഹായിക്കുന്നു, വാഴപ്പഴം ചര്‍മ്മത്തെ കൂടുതലായി മോയ്സ്ചറൈസ് ചെയ്യാന്‍ ഉപകരിക്കും.

പപ്പായ, മഞ്ഞള്‍ മാസ്‌ക്

നിങ്ങളുടെ മുഖത്തെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം മിനുസമാര്‍ന്ന ചര്‍മ്മം ലഭിക്കുന്നതിന് പപ്പായ, മഞ്ഞള്‍ മാസ്‌ക് ഉപയോഗിക്കാം. മഞ്ഞള്‍ എപ്പോഴും മികച്ച ക്ലീനിങ് വസ്തുവായി ചര്‍മത്തില്‍ പ്രവര്‍ത്തിക്കുന്നു. പപ്പായയിലെ പപ്പൈന്‍ എന്ന എന്‍സൈം രോമ സുഷിരങ്ങളെ കുടുതലായി തുറക്കാന്‍ അനുവദിച്ചുകൊണ്ട് രോമത്തെ പെട്ടെന്ന് പുറന്തള്ളാന്‍ സഹായിക്കും. ഈ പായ്ക്ക് പരീക്ഷിക്കുമ്പോള്‍ വളരെ കുറച്ച് മഞ്ഞള്‍പ്പൊടി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് നിങ്ങള്‍ ഉറപ്പു വരുത്തണം. ഒരു കഷ്ണം പപ്പായ ഉടച്ച് അതിലേക്ക് ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് ഈ മിശ്രിതം തയ്യാറാക്കാം. ഇത് നിങ്ങളുടെ മുഖത്ത് വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക. ശേഷം 10 മിനിറ്റ് നേരം ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക.

[ആരോഗ്യ വിദഗ്ധനെ സമീപിച്ച് , പാച്ച് ടെസ്റ്റ് ചെയ്ത ശേഷം മാത്രം മേല്‍പ്പറഞ്ഞ വസ്തുക്കള്‍ ഉപയോഗിക്കുക]