Health

കാണാന്‍ മാത്രമല്ല, കഴിക്കാനും നല്ലതാണ് ഡ്രാഗണ്‍ ഫ്രൂട്ട്; അറിയാം ഗുണങ്ങള്‍-Health Benefits of Dragon Fruit

ഡ്രാഗണ്‍ ഫ്രൂട്ട് കണ്ടിട്ടില്ലേ, കാണാന്‍ വളരെ മനോഹരവും വ്യത്യസ്തവുമാണ്. കാണാന്‍ മാത്രമല്ല, ഏറെ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഈ പഴം. ഡ്രാഗണ്‍ ഫ്രൂട്ടില്‍ കലോറി കുറവാണ്. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടും ഉണ്ട്. വലിയ അളവില്‍ വിറ്റാമിനുകളും ധാതുക്കളും ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഉണ്ട്. കേരളത്തില്‍ അത്ര വ്യാപകമായി കാണാത്ത പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. എന്നാല്‍, ഏറെ ഗുണഗണങ്ങള്‍ ഈ ഫലത്തിനുണ്ട്.

ലോകമെമ്പാടുമുള്ള ഉഷ്ണമേഖല പ്രദേശങ്ങളില്‍ കാണുന്ന ‘ഹൈലോസീറസ്’ എന്ന കള്ളിച്ചെടിയില്‍ വളരുന്ന പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മലേഷ്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായ ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപ്പഴം, ഇപ്പോള്‍ ഇന്ത്യയിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഉള്ളിലെ മാംസളമായ ഭാഗമാണു ഭക്ഷ്യയോഗ്യം. കറുത്ത വിത്തുകളുള്ള മാംസളമായ വെളുത്ത ഭാഗമാണ് ഇത്. ഒരു ചെടിയില്‍നിന്ന് എട്ടു മുതല്‍ 10 വരെ പഴങ്ങള്‍ ലഭിക്കും. പ്രമേഹരോഗികള്‍ പൊതുവെ പല പഴങ്ങളും കഴിക്കാറില്ല. പ്രമേഹം കൂടിയാലോ എന്ന് പേടിച്ചാണിത്. എന്നാല്‍, ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ക്കും കഴിക്കാം. കാലോറി വളരെ കുറവും ഫൈബര്‍ ധാരാളവുമുള്ളതിനാലാണിത്.

ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് കൊണ്ടുളള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം;

  • പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
  • വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. അതിനാല്‍ തന്നെ ഇവ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
  • ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ ധാരാളം അടങ്ങിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.
  • പ്രമേഹ രോഗികള്‍ക്കും ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇവ കഴിക്കാം.
  • ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട്, ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിച്ചുകൊണ്ട് ഫേസ് പാക്കുകള്‍ തയ്യാറാക്കി പരീക്ഷിക്കുന്നതും ഗുണം ചെയ്യും.
  • ഡ്രാഗണ്‍ ഫ്രൂട്ട് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. അരക്കെട്ടിലെ കൊഴുപ്പ് നീക്കാനും കലോറി കുറയ്ക്കാനും നിങ്ങള്‍ പരിശ്രമിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ചേര്‍ക്കുന്നത് ഗുണം ചെയ്യും. കൊഴുപ്പ് വേഗത്തില്‍ ഉരുക്കുന്ന സൂപ്പര്‍ഫുഡ് ഒന്നുമില്ലെങ്കിലും, ഡ്രാഗണ്‍ ഫ്രൂട്ടില്‍ കലോറി വളരെ കുറവാണ്. ഇത് നിങ്ങള്‍ക്ക് ലഘുഭക്ഷണമായി കഴിക്കാം.
  • ഡ്രാഗണ്‍ ഫ്രൂട്ട് വിശപ്പ് കുറയ്ക്കുന്നു. ഇവ നിങ്ങളെ വയര്‍ നിറഞ്ഞതാക്കി നിലനിര്‍ത്തുകയും കൂടുതല്‍ നേരം വിശപ്പ് രഹിതമാക്കി നിര്‍ത്തുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും.
  • ഗര്‍ഭകാലത്ത് വിളര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ വിളര്‍ച്ച വരാനുള്ള സാധ്യത കൂടുതലാണ്. ഇരുമ്പിന്റെ കുറവ് മൂലമാണ് ഇത്. ഗര്‍ഭിണിയായ സ്ത്രീയില്‍ നടത്തിയ ഒരു പഠനത്തില്‍ എറിത്രോസൈറ്റിന്റെയും ഹീമോഗ്ലോബിന്റെയും അളവ് വര്‍ദ്ധിപ്പിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍, ഗര്‍ഭകാലത്ത് വിളര്‍ച്ചയ്ക്കുള്ള ഒരു ബദല്‍ ചികിത്സാ മാര്‍ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസ്. എന്നിരുന്നാലും, ഇതു പരീക്ഷിക്കുന്നതിനു മുന്നോടിയായി നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

[ മേല്‍പറഞ്ഞ ഗുണങ്ങള്‍ക്കായി ഡയറ്റില്‍ ഗ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുന്നത് നല്ലതാണ്]

 

Latest News