ഗാസയില്‍ വെടി നിര്‍ത്തല്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് ഇസ്രയേല്‍. വെടി നിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറാണെങ്കിലും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം മുന്നോട്ടു വെച്ചിരിക്കുകയാണ്. അതേസമയം, ഇസ്രയേല്‍-പാലസ്തീന്‍ ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച് യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ശക്തമായി തന്നെയുണ്ട്. അനൗദ്യോഗിക ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. 3 ഘട്ടമായി നടപ്പാക്കേണ്ട രൂപരേഖയുടെ അടിസ്ഥാനത്തിലാണു ചര്‍ച്ച നടക്കുന്നത്. ആറാഴ്ച നീളുന്ന വെടിനിര്‍ത്തലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.
തടവിലുള്ള നൂറുകണക്കിനു പലസ്തീന്‍ പൗരന്‍മാരെ ഇസ്രയേല്‍ ഈ ഘട്ടത്തില്‍ മോചിപ്പിക്കും. സ്ത്രീകളും മുതിര്‍ന്നവരും മുറിവേറ്റവരുമടങ്ങുന്ന ഇസ്രയേല്‍ പൗരന്‍മാരെ പലസ്തീനും മോചിപ്പിക്കും. എല്ലാ യുദ്ധനീക്കങ്ങളും അവസാനിപ്പിക്കുകയാണ് രണ്ടാംഘട്ടം. പ്രധാനപ്പെട്ട പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നാംഘട്ടത്തില്‍ നടക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. അന്തിമകരാറിന് അടുത്തെത്തിക്കഴിഞ്ഞതായി വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറയുകയു ചെയ്തിരുന്നു. ഹമാസുമായി ഉടന്‍ വെടിനിര്‍ത്തലില്‍ എത്തണമെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസും നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.
വിവാദങ്ങള്‍ക്കിടെ, ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി പാരിസില്‍ കൂടിക്കാഴ്ച നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറുമായി ഇസ്രയേല്‍ സഹകരിച്ചത്. എന്നാല്‍, മാനദണ്ഡങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ ആശങ്ക വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്. വടക്കന്‍ ഗാസയിലേക്കു പലസ്തീന്‍ പൗരന്‍മാര്‍ സ്വതന്ത്രമായി മടങ്ങിവരുന്നതിനെ ഇസ്രയേല്‍ എതിര്‍ക്കുമെന്നാണു സൂചനകള്‍. കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം പ്രവേശനം അനുവദിക്കാനാണു നീക്കം. ഹമാസ് പ്രവര്‍ത്തകരും അവരെ പിന്തുണയ്ക്കുന്നവരും ഗാസയിലേക്ക് തിരിച്ചെത്തുന്നതു തടയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ഇസ്രയേലിന്റെ ഈ നീക്കത്തെ എതിര്‍ത്ത് ഹമാസും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മധ്യസ്ഥര്‍ പോലും കാണാത്ത നിര്‍ദേശങ്ങളെ ചൊല്ലിയാണ് ഹമാസിന്റെ പ്രതികരണമെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഹമാസിന്റെ തടവില്‍ കഴിയുന്ന ഇസ്രയേല്‍ പൗരന്‍മാരുടെ മോചനത്തിനും ഇതു തടസ്സമായേക്കുമെന്നാണ് സൂചനകള്‍. ഈജിപ്തിനോടു ചേര്‍ന്നുകിടക്കുന്ന ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം വേണമെന്ന ഇസ്രയേലിന്റെ ആവശ്യവും മധ്യസ്ഥ ചര്‍ച്ചകളില്‍ നിഴല്‍ വീഴ്ത്തുന്നു. ഒത്തുതീര്‍പ്പ് ഉടമ്പടിയില്‍പ്പെടാത്തതാണ് ഈ ആവശ്യമെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈജിപ്ത് വ്യക്തമാക്കി. ‘ഫിലാഡല്‍ഫിയ ഇടനാഴി’യെന്നു വിളിക്കുന്ന ഈ പ്രദേശത്തു നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇസ്രയേലിനു സമ്മതമല്ല. നിര്‍ണായകമായ ഈ പ്രദേശത്തെ തുരങ്കങ്ങളിലൂടെ ഹമാസിന് ആയുധങ്ങളും മറ്റു സാമഗ്രികളും എത്തിയിരുന്നുവെന്നും ഇസ്രായേല്‍ ആരോപിക്കുന്നുണ്ട്.
CONTENT HIGHLIGHTS; Will the cease-fire agreement in Gaza come soon? : US, Qatar, Egypt at the helm of the talks