ഉത്തരാഖണ്ഡിൽ ശക്തമായ മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഗംഗോത്രിയിലെ ആശ്രമങ്ങളിൽ വെള്ളം കയറി. നിരവധി കുടിലുകൾ ഒഴുകിപ്പോയി. അപകടം മുൻനിർത്തി ഗംഗാ നദീ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. ഗംഗോത്രിയിലെ ശാരദാ കുടീരത്തിലേക്കും ശിവാനന്ദാശ്രമത്തിലേക്കും വെള്ളം കയറി. ഗോമുഖിൽ മേഘവിസ്ഫോടനമുണ്ടായതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
ഗംഗാനദി കടന്നുപോകുന്ന പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഹരിദ്വാറിലും ഋഷികേശിലും ഗംഗ കുത്തിയൊഴുകുകയാണ്. ഗുൽബകോട്ടിയിൽ ബദ്രീനാഥ് ദേശീയ പാത അടച്ചിരിക്കുകയാണ്. ഹരിദ്വാറിൽ ഒഴുക്കില്‍ പെട്ടയാളുകളെ എസ്ഡിആർഎഫ് സംഘം രക്ഷപ്പെടുത്തി.
ഇതിനിടെ മഴയെ തുടർന്ന് ടെഹ്‍രി ഗർഹ്‍വാളിലുണ്ടായ മണ്ണിടിച്ചിലിൽ അമ്മയും 15കാരിയായ മകളും മരിച്ചു. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇവരുടെ വീട് തകർന്നു. ഇതിനുള്ളിൽ പെട്ടാണ് സരിത ദേവിയും മകൾ അങ്കിതയും മരിച്ചത്. മഴയിൽ ഗോദാറിന് സമീപത്തുള്ള പാലം ഒലിച്ചുപോയുണ്ടായ അപകടത്തിൽ 106 പേരെ എസ്ഡിആർഎഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു. മാർക്കണ്ഡ നദിക്ക് മുകളിലൂടെയുള്ള മരപ്പാലം തകർന്നു. ശക്തമായ മഴയിൽ ഉത്തരാഖണ്ഡിലുടനീളം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.