Kerala

“കുട്ടി” ഒളിമ്പിക്‌സ്: പ്രഥമ കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബറില്‍ കൊച്ചിയില്‍ /”Kutty” Olympics: First Kerala School Olympics in Kochi in November

ഒന്നാം സ്ഥാനക്കാര്‍ക്ക് സ്വര്‍ണ്ണക്കപ്പ്, ഒളിമ്പിക്‌സ് മാതൃകയില്‍ സമാപനം

ഒളിമ്പിക്‌സിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുന്നതിനൊപ്പം വിവിധ കായിക മേളകളില്‍ പങ്കെടുക്കുന്നതിന് പ്രാപ്തരാക്കേണ്ടതിന്റെ ഭാഗമായി ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഒളിമ്പിക്‌സ് മാതൃകയില്‍ കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നടത്തുന്നു. ഒളിമ്പിക്‌സ് മാതൃകയില്‍ കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് – കൊച്ചി ’24 എന്ന പേരില്‍ നവംബര്‍ 4 മുതല്‍ 11 വരെയാണ് പ്രഥമ സ്‌കൂള്‍ ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നത്. 24000 കായിക പ്രതിഭകള്‍ അണ്ടര്‍ 14, 17, 19 എന്നീ കാറ്റഗറിയില്‍ 41 കായിക ഇനങ്ങളില്‍ മത്സരിക്കും. പതിനായിരത്തോളം മത്സരങ്ങളാണ് നടക്കുന്നത്.

എട്ടു ദിവസം പകലും രാത്രിയുമായി നടക്കുന്ന കായിക മാമാങ്കം ലോകത്തിലെ തന്നെ ഏറ്റവും വലിയ മേളയായിരിക്കും. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് ഓരോ നാല് വര്‍ഷം കൂടുമ്പോഴും ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുവേണ്ടി കായികോത്സവത്തിന്റെ ഭാഗമായി രാജ്യത്താദ്യമായി ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ഈ വര്‍ഷം ആരംഭിക്കും. എറണാകുളം ജില്ലയില്‍ 16 സ്ഥലങ്ങളിലെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്ക് താമസിക്കുന്നതിനായി അന്‍പതോളം സ്‌കൂളുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

മേളയുടെ വിജയകരമായ നടത്തിപ്പിനായി രണ്ടായിരത്തോളം ഒഫീഷ്യലുകള്‍, 500 സെലക്ടര്‍മാര്‍, രണ്ടായിരത്തോളം വോളണ്ടിയര്‍മാര്‍ അണിനിരക്കുന്ന കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് സംസ്ഥാനത്തിന്റെ കായിക ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറും. വര്‍ണാഭമായ വിളംബരഘോഷയാത്ര, കായിക പ്രതിഭകള്‍ സംഗമിക്കുന്ന മാര്‍ച്ച് പാസ്റ്റ്, രാജ്യാന്തര കായിക താരങ്ങളും കായിക പ്രതിഭകളും സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവ സംഘടിപ്പിക്കും. കുട്ടികള്‍ക്ക് മികച്ച ഭക്ഷണമാണ് മേളയുടെ ഭാഗമായി ഒരുക്കുന്നത്. ഒരേ സമയം അയ്യായിരം പേരെ ഉള്‍ക്കൊള്ളുന്ന ഭക്ഷണപന്തല്‍ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ലോകോത്തര കായിക മേളകള്‍ക്ക് സമാനമായി കേരള സ്‌കൂള്‍ ഒളിമ്പിക്‌സിന് സ്ഥിരമായ ഒരു ലോഗോ രൂപകല്‍പ്പന ചെയ്യും. അതോടൊപ്പം ഈ വര്‍ഷത്തെ സ്‌കൂള്‍ ഒളിമ്പിക്‌സിനായി ആപ്തവാക്യം, തീം സോങ്ങ്, പ്രോമോ വീഡിയോ, ബ്രാന്‍ഡ് അംബാസിഡര്‍മാര്‍, ഗുഡ് വില്‍ അംബാസിഡര്‍ എന്നിവ ഉണ്ടാകും. വിജയികള്‍ക്ക് ഒളിമ്പിക്‌സ് മാതൃകയിലുള്ള മെഡലുകള്‍, ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും.
രാജ്യത്ത് ആദ്യമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ ഒളിമ്പിക്‌സ് ചരിത്രസംഭവമാകുമെന്നും ഉദ്ഘാടന ചടങ്ങില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

പ്രഥമ കേരള സ്‌കൂള്‍ ഒളിമ്പിക്‌സിനോട് അനുബന്ധിച്ചു ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കലൂര്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ സ്വര്‍ണ കപ്പ് സമ്മാനമായി നല്‍കും. ചരിത്ര സംഭവമാകുന്ന സ്‌കൂള്‍ ഒളിമ്പിക്‌സ് വന്‍ വിജയമാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

മേളയുടെ ഭാഗമായി സാംസ്‌കാരിക പരിപാടികള്‍, കലാസന്ധ്യകള്‍, സ്‌പോര്‍ട്‌സ് സെമിനാറുകള്‍, സ്‌പോര്‍ട്‌സ് സ്റ്റാളുകള്‍, കായിക ഉത്പന്നങ്ങളുടെ വിതരണം, പ്രദര്‍ശനം തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും. മേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മികച്ച അനുഭവം സാധ്യമാക്കുന്നതിന് കൊച്ചി നഗരത്തിലെ സാംസ്‌കാരിക നിലയങ്ങള്‍, പൈതൃകങ്ങള്‍, മെട്രോ, വാട്ടര്‍ മെട്രോ, ഫോര്‍ട്ട് കൊച്ചിയില്‍ സായാഹ്ന സഞ്ചാരം, സ്ട്രീറ്റ് ഫുഡ് തുടങ്ങിയ വൈവിധ്യങ്ങള്‍ ഒരുക്കും.

മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായി നിയമസഭ സ്പീക്കര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ഡെപ്യുട്ടി സ്പീക്കര്‍, എംപിമാര്‍, എം.എല്‍.എമാര്‍, വിവിധ ജനപ്രതിനിധികള്‍, കായികം, കല, സാംസ്‌കാരികം, സാമൂഹികം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്. കടവന്ത്ര റിജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ പാരിസ് ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ഒളിമ്പിക്‌സ് പ്രഖ്യാപനദീപം തെളിയിച്ചാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

മേയര്‍ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ടി.ജെ വിനോദ് , കെ. എന്‍ ഉണ്ണികൃഷ്ണന്‍, കെ.ജെ മാക്‌സി, പി.വി ശ്രീനിജിന്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍, അര്‍ജുന അവാര്‍ഡ് ജേതാവായ വോളിബോള്‍ താരം ടോം ജോസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, സബ് കളക്ടര്‍ കെ.മീര, കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത്, വിവിധ സംഘടനാ പ്രതിനിധികള്‍, സ്‌കൂള്‍ അധികൃതര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

CONTENT HIGHLIGHTS; “Kutty” Olympics: First Kerala School Olympics in Kochi in November