ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായുള്ള പന്ത്രണ്ടാം ദിവസത്തെ തിരച്ചിലും അവസാനിപ്പിച്ചു. നാളെ രാവിലെ 9 മണിക്ക് ദൗത്യം പുനഃരാരംഭിക്കും. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച സ്പോട്ട് നാലിലായിരുന്നു ഇന്നത്തെ പരിശോധനകൾ നടന്നത്. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്ധരാണ് ഇന്ന് പരിശോധന നടത്തിയിരുന്നത്.
മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താനായില്ല. വെള്ളത്തിനടിയിലെ പാറക്കല്ലുകളടക്കം തിരച്ചിലിനു വെല്ലുവിളിയായി. വെള്ളത്തിനടിയിലെ ചെളിയും മണ്ണും മരവും പ്രശ്നമാകുന്നുണ്ടെന്ന് കർവാർ എംഎൽഎ പറഞ്ഞു. മാല്‍പെ ഡൈവിങ് നടത്തിയ പ്രദേശത്ത് മുള കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ കുത്തൊഴുക്ക്; കയര്‍ പൊട്ടി ഈശ്വര്‍ മാല്‍പ്പ 100 മീറ്ററോളം ഒഴുകി പോയി; തിരിച്ചെത്തിച്ച് ദൗത്യ സംഘം
മൂന്നാം തവണ നടത്തിയ ഡൈവില്‍ ഈശ്വർ മാല്‍പെ ഒഴുക്കിൽപ്പെട്ടു. ശരീരത്തില്‍ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകട കാരണം. നാവിക സേന സുരക്ഷിതമായി ഈശ്വര്‍ മാല്‍പെയെ കരയ്‌ക്കെത്തിച്ചു. ലോഹ സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലത്താണ് ഡൈവ് ചെയ്തത്. നാളത്തെ തിരച്ചില്‍ സംബന്ധിച്ച് ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.