കൊച്ചി: ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹമുള്ളവർക്ക് കിടിലൻ ഓഫറുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ആറന്മുള വള്ളസദ്യക്കൊപ്പം പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവുമാണ് ആയിരം രൂപയുടെ ഈ യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ഇതിലൂടെ സാധ്യമാകുന്നു. യാത്രയിൽ മദ്ധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറൻമുള വള്ള സദ്യയും ആസ്വദിച്ച് മടങ്ങാം.
വനവാസക്കാലത്ത് പഞ്ചപാണ്ഡവർ പൂജിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിലേക്കാണ് യാത്ര. യുധിഷ്ഠരൻ ആരാധിച്ച തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, ഭീമൻ ആരാധിച്ച തൃപ്പുലിയൂർ ക്ഷേത്രം, നകുലൻ ആരാധിച്ച തിരുവൻവണ്ടൂർ ക്ഷേത്രം, സഹദേവൻ ആരാധിച്ച തൃക്കൊടിത്താനം ക്ഷേത്രം, അർജുനൻ ആരാധിച്ച ആറന്മുള ക്ഷേത്രം എന്നിവയും കുന്തിദേവീ പ്രതിഷ്ഠിച്ച മുതുകുളം ദേവീ ക്ഷേത്രവും പഞ്ചപാണ്ഡവർ പണികഴിപ്പിച്ച് പൂർത്തിയാക്കാനാകാത്ത കവിയൂർ ഗുഹാക്ഷേത്രം എന്നിവിടങ്ങളിലാണ് സന്ദർശനം. ശേഷം ആറന്മുള വള്ളസദ്യ കഴിക്കാനും ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അവസരവും ഉണ്ടാവും. ഇവയോടൊപ്പം ലോക ഭൗമ സൂചികാ പദവിയിൽ ഇടം നേടിയ ആറന്മുള കണ്ണാടിയുടെ നിർമ്മാണവും നേരിൽ കാണാൻ അവസരം ലഭിക്കും.
കോതമംഗലത്ത് നിന്ന് തുടക്കം ആഗസ്റ്റ് രണ്ടിന് രാവിലെ അഞ്ചിന് കോതമംഗലത്തുനിന്ന് യാത്ര പുറപ്പെടും. വള്ളസദ്യയും ബസ് യാത്രയുമുൾപ്പടെ 1120 രൂപയാണ് നിരക്ക്. 50 പേർക്കാണ് അവസരം. ബുക്കിംഗിന്പ്രശാന്ത് വേലിക്കകം എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ: 9447223212
നാലമ്പല ദർശനംപാലാ രാമപുരം നാലമ്പല ദർശനത്തിനുള്ള സൗകര്യവും കോതമംഗലം ഡിപ്പോയിൽ നിന്ന് ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 4,11,15 തീയതികളിൽ രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന രീതിയിലാണ് ബസ് ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ എത്തുന്ന ഭക്തർക്ക് പ്രേത്യേക സൗകര്യം നാലമ്പലങ്ങളിൽ ഒരിക്കിയിട്ടുണ്ട്. 400 രൂപയിൽ താഴെയാണ് എറണാകുളം ജില്ലയിലെ ഡിപ്പോകളിൽ നിന്ന് ഒരാൾക്ക് ടിക്കറ്റ് ചാർജ്.
content highlight: ksrtc-budget-tourism