കുന്ദമംഗലം: സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രമാണ് കാരന്തൂരിലെ കാശ്മീർകുന്ന്. കുന്നിൻമുകളിലെ മഞ്ഞുകണങ്ങൾ വറ്റാത്ത പച്ചപുൽമൈതാനിയിൽ ഇരുന്ന് പ്രകൃതി സൗന്ദര്യത്തിന്റെ നിത്യവിസ്മയം ആവോളം ആസ്വദിക്കാനെത്തുന്നവരുടെ എണ്ണത്തിൽ ഈ മഴക്കാലത്തും കുറവൊന്നുമില്ല. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ പച്ച പുല്ലിൽ തങ്ങിനിൽക്കുന്ന മഞ്ഞിൻകണങ്ങളിൽ വെയിലേൽക്കുമ്പോഴുണ്ടാകുന്ന മനോഹര ദൃശ്യമാണ് കാശ്മീർകുന്നിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കിയത്. പന്ത്രണ്ട് ഏക്കറോളം സ്ഥലത്ത് പരന്ന് കിടക്കുന്ന മനോഹരമായ കുന്നിൻപുറത്തിന്റെ നാല്ഭാഗവും പാറക്കെട്ടുകൾ നിറഞ്ഞ താഴ്‌വാരമാണ്.
പ്രകൃതിദത്ത വ്യൂപോയിന്റുകളുള്ള കുന്നിൻപുറത്ത് നിന്ന് ഐ.ഐ.എം, സി.ഡബ്ലിയു.ആർ.ഡി.എം, കോഴിക്കോട്മെഡിക്കൽ കോളേജ്, കരിപ്പൂർ വിമാനത്താവളം, അറബിക്കടൽ എന്നിവ കാണാം.കുന്ദമംഗലം പഞ്ചായത്തിന്റെ അതിർത്തിയിലുള്ള പതിനെട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന പ്രദേശം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ്. ദേശീയപാതയിൽ നിന്ന് ഇടവഴിയാണ് നേരത്തെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ റോഡ് വീതികൂട്ടി തുടങ്ങിയതോടെ വാഹനങ്ങൾക്ക് എളുപ്പത്തിൽ കുന്നിലെത്താം. കാശ്മീർ കുന്നിലേക്ക് പ്രവേശിക്കാതിരിക്കുവാൻ ഉടമ ഗെയിറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ ഈ പെരുമഴക്കാലത്തും കുന്നിലെത്തുന്നുണ്ട്. ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള സ്ഥലമാണെങ്കിലും ഭാവിയിൽ കോളേജുകളോ ആശുപത്രിയോ വ്യവസായ സ്ഥാപനങ്ങളോ കാശ്മീർകുന്നിനെ വിഴുങ്ങുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കാശ്മീർകുന്നിലെത്താം
കോഴിക്കോട് നഗരത്തിൽ നിന്ന് വയനാട് റോഡിൽ പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കാശ്മീർകുന്ന് എന്ന് വിളിക്കുന്ന ഏരുമോറകുന്നിലെത്താം. കാരന്തൂർ ഹരഹര ക്ഷേത്ര കവാടത്തിന് എതിർവശത്ത് (കോഴിക്കോട് നിന്ന് വരുമ്പോൾ വലത് ഭാഗം) കാണുന്ന കുത്തനെയുള്ള ഇടുങ്ങിയ റോഡിലൂടെ മുന്നൂറ് മീറ്ററോളം കയറിയാൽ കാശ്മീർകുന്നിലെത്താം.
content highlight: tourists-in-kashmirkunn-karantur