Kannur

പയ്യന്നൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; 46 ലക്ഷവുമായി പിടിയിലായത് മഹാരാഷ്ട്ര സ്വദേശികള്‍ | hawala-money-seized-in-payyanur

കണ്ണൂർ പയ്യന്നൂര്‍ നഗരത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ കുഴല്‍പ്പണ ഇടപാടു സംഘം പിടിയിലായി. മഹാരാഷ്ട്ര സ്വദേശികളായ സത്യവാങ് ആദര്‍ശ്, ശിവജി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും രേഖകളില്ലാത്ത 46 ലക്ഷം രൂപയാണ് പിടികൂടിയത്. ശനിയാഴ്ച്ച രാവിലെയാണ് കുഴല്‍പണ സംഘം പിടിയിലായത്.

പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കുഴല്‍പണ ഇടപാട് നടക്കുന്നുണ്ടെന്ന പയ്യന്നൂര്‍ ഡിവൈഎസ്പി കെ.വിനോദ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. റെയില്‍വെ സ്റ്റേഷനു സമീപം നിലയുറപ്പിച്ച പൊലീസ് സംശയാസ്പദമായ രീതിയില്‍ കണ്ട രണ്ടു പേരെ പരിശോധിച്ചപ്പോഴാണ് ഇവര്‍ വാഹനത്തില്‍ കൊണ്ടുവരികയായിരുന്ന പണം സഹിതം പിടിയിലായത്. വലിയ ബാഗിനകത്ത് നോട്ടുകള്‍ കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിനു ശേഷം പണം തൊണ്ടിമുതലായി കണ്ടുകെട്ടി. കുഴല്‍പണ കടത്തു സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പൊലീസിന്റെ സംശയം.

Latest News