70 കോടി റിയാൽ ചെലവിൽ ത്വാഇഫിൽ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ത്വാഇഫ് എന്നും വലിയ വികസന പ്രവർത്തനങ്ങളിലൂടെ ഈ നാടിന്റെ ടൂറിസം അനുഭവം ലോകസഞ്ചാരികൾക്ക് പകർന്നുകൊടുക്കുകയാണ് ലക്ഷ്യമെന്നും ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് വ്യക്തമാക്കി.
ടൂറിസം വ്യവസായത്തിന്റെ പ്രധാന ചാലകമായ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആകർഷകമായ പ്രകൃതിയും വിഭവശേഷിയും സമശീതോഷ്ണ കാലാവസ്ഥയും ത്വാഇഫിനെ വേറിട്ട് നിർത്തുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി അതിനെ മാറ്റുന്നത് ഈ സവിശേഷതകളാണ്.
രാജ്യത്തെ ടൂറിസം വ്യവസായത്തിലേക്ക് സ്വകാര്യ നിക്ഷേപകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും സംരംഭകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതും മന്ത്രാലയത്തിന്റെ മുൻഗണനാപട്ടികയിലാണ്.