വേനൽ അവധിക്കുശേഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ഞായറാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. സീബ് ഇന്ത്യൻ സ്കൂളാണ് ഞായറാഴ്ച മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നത്. മസ്കത്ത് ഇന്ത്യൻ സ്കൂൾ തിങ്കളാഴ്ചയും ദാർസൈത്ത് ഇന്ത്യൻ സ്കൂൾ ചൊവ്വാഴ്ചയുമാണ് തുറക്കുക. അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ അടുത്ത മാസം നാലിന് തുറക്കും. മറ്റ് ഇന്ത്യൻ സ്കൂളുകളും അടുത്തയാഴ്ചയോടു കൂടി പൂർണമായി പ്രവർത്തിക്കാൻ തുടങ്ങും.
വേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും ചൂട് കാര്യമായി കുറഞ്ഞിട്ടില്ല. ഇപ്പോൾ ഒമാനിൽ 40 ഡിഗ്രി സെൽഷ്യസിൽ കൂടിയ താപനിലയാണ് അനുഭവപ്പെടുന്നത്. അടുത്ത മാസത്തോടെ ചൂട് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും 36-40 നും ഇടക്കുള്ള താപനിലയാണ് അടുത്ത മാസാദ്യം അനുഭവപ്പെടുക. കനത്ത ചൂട് വിദ്യാർഥികളെ ബാധിക്കാനും സാധ്യതയുണ്ട്.
സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യത്തെ സ്കൂൾ പരിപാടി ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷമായിരിക്കും. എല്ലാ ഇന്ത്യൻ സ്കൂളുകളിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഏറെ പൊലിമയോടെ സംഘടിപ്പിക്കാറുണ്ട്. സ്കൂൾ തുറക്കുന്നതോടെ തന്നെ ഇന്ത്യൻ സ്കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ആരംഭിക്കും.