സോളാർ സെല്ലുകൾ സ്വയമേവ വൃത്തിയാക്കാൻ രൂപകൽപന ചെയ്ത പ്രാദേശികമായി വികസിപ്പിച്ച റോബോട്ട് ഒമാൻ പുറത്തിറക്കി. പെട്രോളിയം ഡെവലപ്മെൻറ് ഒമാനുമായി (പി.ഡി.ഒ) സഹകരിച്ച് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡെവലപ്മെൻറ് (ആർ.എ.ഐ.ഡി) ലബോറട്ടറിയാണ് ഇവ യഥാർഥ്യമാക്കിയത്.
ഒമാനിലെ സോളാർ പവർ പ്ലാൻറുകളുടെ കാര്യക്ഷമതയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനാണ് ഈ നൂതന കണ്ടുപിടിത്തമെന്ന് ആർ.എ.ഐ.ഡി ലാബ് ചെയർമാൻ അബ്ദുൽ റഹ്മാൻ ബിൻ അഫാൻ അൽ ഹാജി പറഞ്ഞു. മനുഷ്യപ്രയത്നം കുറക്കുന്നതിനും മാന്വൽ ക്ലീനിങ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാനുമാണ് റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്.
ഓട്ടോമാറ്റിക് ക്ലീനിങ്ങിലൂടെ സോളാർ പവർ പ്ലാൻറുകളുടെ പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, മനുഷ്യന്റെ നേരിട്ടുള്ള ഇടപെടലിന്റെ ആവശ്യകത കുറക്കുകയും ചെയ്യും. തൊഴിലാളികളുടെ സുരക്ഷയും പ്രവർത്തന സുസ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
സൗരോർജത്തിലാണ് റോബോട്ട് പ്രവർത്തിക്കുക. ഡേറ്റ ശേഖരിക്കുന്നതിനും ശുചീകരണ പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുന്നതിനും സെൻസറുകൾ ഉപയോഗിക്കുന്നു. പി.ഡി.ഒ പരീക്ഷിച്ച സൈറ്റുകളിൽ 700ലധികം സോളാർ പാനലുകൾ വൃത്തിയാക്കുന്നതിലൂടെ ഉയർന്ന കാര്യക്ഷമത റോബോട്ട് പ്രദർശിപ്പിക്കുന്നതായി കണ്ടെത്തി.