സ്ഥിരമായി അന്യഗ്രഹ ജീവികള്‍ വരാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഗ്രാമം . അവിടെ അവരെ സ്വീകരിക്കാൻ ഒരു ഏലിയൻ പ്രതിമ . പാരാനോർമൽ സംഭവങ്ങളിൽ വിശ്വസിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമെന്നാണ് റഷ്യയിലെ ഈ ചെറുഗ്രാമം അറിയപ്പെടുന്നത് തന്നെ . മോലെബ്ക ഗ്രാമം , റഷ്യയിലെ പേം മേഖലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സാധാരണ സഞ്ചാരികള്‍ക്കിടയില്‍ ഇവിടം അത്രകണ്ട് പ്രശസ്തമല്ലെങ്കിലും പാരാനോര്‍മല്‍ സംഭവങ്ങളിലും പ്രവര്‍ത്തികളിലും വിശ്വസിക്കുന്നവര്‍ക്ക് ഇവിടം വളരെ പ്രിയപ്പെട്ട ഇടമാണ്, അന്യഗ്രഹ ജീവികള്‍ വളരെയധികമായി ഇവിടെ എത്താറുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അത്രയേറെ തവണയാണ് ഇവിടെ ഏലിയനുകളെ കണ്ടതായുള്ള റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. വളരെ വിചിത്രമാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. ഇവിടെ പണ്ടുമുതലേയുണ്ടായിരുന്ന ഒരുതരം കല്ലില്‍ നിന്നുമാണ് ഗ്രാമത്തിന് ഈ പേരു ലഭിക്കുന്നത്. നേരത്തെ ഇവിടെ ജീവിച്ചിരുന്ന മാന്‍സി വിഭാഗക്കാര്‍ ബലി നല്കുവാനായാണ് ഈ കല്ല് ഉപയോഗിച്ചിരുന്നത്. പിന്നീട് ഗ്രാമത്തിനു ഈ കല്ലിന്റെ പേര് ലഭിക്കുകയായിരുന്നു.
ഗ്രാമത്തിന്റെ പേരിലെ ആദ്യാക്ഷരമെടുത്ത് ബർമുഡ ട്രയാംഗിൾ പോലെ ‘എം ട്രയാംഗിൾ’ എന്ന പേരും ഏലിയൻ പ്രേമികൾ പ്രദേശത്തിനു നൽകിയിട്ടുണ്ട്.ഇവിടുത്തെ പാരാനോര്‍മല്‍ സംഭവങ്ങളുടെ പേരില്‍ സോണ്‍ എം എന്നും എം സോണ്‍ എന്നുമെല്ലാം സഞ്ചാരികള്‍ ഈ പ്രദേശത്തെ വിളിക്കാറുണ്ട്.1980കളിലാണ് ഇവിടെ ആദ്യമായി ഏലിയനുകളെ കണ്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവരാൻ തുടങ്ങിയത്. നേരത്തേ തന്നെ പ്രദേശത്ത് ഇത്തരം പറക്കും വസ്തുക്കളെ കണ്ടിരുന്നുവെന്ന് അവിടുത്തുകാർ പറഞ്ഞിരുന്നു. എന്നാൽ തെളിവ് കിട്ടും വരെ അധികമാരും വിശ്വസിച്ചിരുന്നില്ലെന്നു മാത്രം. രാത്രിയിൽ ഇടിമിന്നൽ പോലെ വൃത്താകൃതിയിലുള്ള വെളിച്ചവും പതിവാണെന്നാണു പറയപ്പെടുന്നത്. സിൽവ നദിയ്ക്കു സമീപമാണ് ഈ ഗ്രാമം. 1983ലെ ഒരു മഞ്ഞുകാലത്ത് ജിയോളജിസ്റ്റ് എമിൽ ബഷൂറിൻ ഇവിടെ വേട്ടക്കിറങ്ങിയതായിരുന്നു. അപ്പോഴാണ് ആകാശത്ത് വൃത്താകൃതിയിൽ ഒരു വസ്തു തെന്നിത്തെന്നി പോകുന്നതായി കണ്ടെത്തിയത്. അതെവിടെനിന്നാണു പറന്നുയർന്നതെന്നു കണ്ടെത്താൻ ഓടിയെത്തിയ എമിലിനെ കാത്തിരുന്നത് ഒരു അസാധാരണ കാഴ്ചയായിരുന്നു.
മഞ്ഞിൽ ഏകദേശം 63 മീറ്റർ വ്യാസത്തിൽ കൃത്യമായി വരച്ചതു പോലുള്ള വൃത്തങ്ങൾ! പറക്കുന്ന വസ്തുക്കളം അന്യഗ്രഹ ജീവികളും ഇവിടെ വരാറുണ്ടെന്നതിന് ആദ്യമായി ലഭിച്ച തെളിവായിരു്നനു ഇത്. ഈ സംഭവം കഴിഞ്ഞതോടെ ഇത്തരം കാര്യങ്ങളില്‍ താല്പര്യമുള്ല സഞ്ചാരികള്‍ വലിയ തോതില്‍ ഇവിടെ എത്തിച്ചേരുവാന്‍ തുടങ്ങി. അങ്ങനെ വിനോദ സഞ്ചാരം നല്ല രീതിയില്‍ വളര്‍ന്നപ്പോഴാണ് ഗ്രാമവാസികള്‍ മരം കൊണ്ടുള്ള ഒരു അന്യഗ്രഹ ജീവിയുടെ രൂപം ഇവിടെ നിര്‍മ്മിക്കുന്നത്. മരംകൊണ്ടുള്ള ഈ ഏലിയന് 180 സെന്റിമീറ്ററാണ് ഉയരം. മോലെബ്ക ഗ്രാമത്തിന്റെ പ്രവേശന കവാടത്തിൽത്തന്നെ ഒരു കാവൽക്കാരനെപ്പോലെ നിന്ന് ടൂറിസ്റ്റുകളെ സ്വീകരിക്കുന്നത് ഈ പ്രതിമയാണ്. ഇതിനു നേരെ നാണയങ്ങൾ വലിച്ചെറിയുന്ന രീതിയുമുണ്ട്. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള ഒരുക്കത്തിലാണ് ഇവിടുത്തെ അധികൃതര്‍. ഒരു മ്യൂസിയമാണ് ഇപ്പോള്‍ പരിഗണനയിലുള്ലത്. യുഎഫ്ഒ അഥവാ അപരിചിതമായ പറക്കും വസ്തുക്കൾ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും വസ്തുക്കളുമായിരിക്കും ഇതിലുണ്ടാവുക. ഒപ്പം പറക്കുംതളികയുടെ ആകൃതിയില്‍ വാനനിരീക്ഷണ കേന്ദ്രവും ഇവിടെ സ്ഥാപിക്കും.