ഒമാനി-ബഹ്റൈൻ ഉൽപന്നങ്ങളുടെ പ്രദർശനത്തിന്റെ നാലാം പതിപ്പിന് സലാലയിൽ തുടക്കമായി. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ദോഫാർ ഗവർണറേറ്റിലെ ശാഖയുടെയും ഒമാനിലെ ബഹ്റൈൻ എംബസിയുടെയും സഹകരണത്തോടെ ഒമാനി-ബഹ്റൈൻ ഫ്രൻഡ്ഷിപ് സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്ത് ദിവസം നീളും. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളാണ് പ്രദർശനം കാണാനെത്തിയത്.
ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രാദേശിക, ഗൾഫ് വിപണിയിൽ ഒമാനി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് എക്സിബിഷനെന്നും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കുള്ളിൽ ദേശീയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ദേശീയ സമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സലാല ഗ്രാൻഡ് മാളിൽ നടക്കുന്ന പ്രദർശനത്തിൽ 33 ഒമാനി, ബഹ്റൈൻ സംരംഭകരാണ് പങ്കെടുക്കുന്നത്. തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുക, വ്യാപാര വിനിമയ അളവ് വർധിപ്പിക്കുക, വിവിധ മേഖലകളിലെ പ്രദർശനങ്ങളിലൂടെ ഇരുപക്ഷവും തമ്മിലുള്ള പങ്കാളിത്തം സ്ഥാപിക്കുന്നതിനും അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.