ജറുസലം: അധിനിവിഷ്ട ഗോലാൻ കുന്നിനു നേരെ മിസൈല്‍ ആക്രമണം. ആക്രമണത്തിൽ 10 പേര്‍ മരിച്ചതായും 30 ലധികം പേര്‍ക്ക് പരിക്കേറ്റതായും 7 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ഇസ്രായേല്‍ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.
സ്ഫോടനത്തെത്തുടർന്നു വൻതീപിടിത്തവുമുണ്ടായി. ഗോലാൻ കുന്നിലെ മജ്‌ദൽ ഷംസിലെ ദ്രൂസ് ഗ്രാമത്തിലാണു സംഭവം. ലബനനിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 3 ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണു റോക്കറ്റാക്രമണം. ആക്രമണത്തിനു പിന്നിൽ ഹിസ്ബുല്ലയാണെന്ന് ഇസ്രയേൽ ആരോപിച്ചു. ആക്രമണത്തിന് തിരിച്ചടിക്കാൻ ഇസ്രായേൽ അടിയന്തര യോഗം ചേർന്നതായും ഉടൻ തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനയും ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ടു. അതേസമയം ആരോപണം ഹിസ്ബുല്ല നിഷേധിച്ചു. ഗോലാന്‍ കുന്നിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കില്ലെന്നാണ് ഹിസ്ബുല്ലയുടെ വാദം.
എന്നാൽ സംഭവവുമായി ബന്ധമില്ലെന്നു ഹിസ്ബുല്ല പ്രതികരിച്ചു. ഇതിനിടെ, മധ്യഗാസയിലെ ദെയ്റൽ ബലാഹിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. ഖാൻ യൂനിസിന്റെ കിഴക്കൻ മേഖലയിൽ സുരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന 60 ചതുരശ്ര കിലോമീറ്റർ മേഖലയിൽനിന്നു ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഇവിടെ താൽക്കാലിക കൂടാരങ്ങളിൽ ലക്ഷക്കണക്കിനു പലസ്തീൻകാരാണുള്ളത്. ഗാസയിലെ മറ്റു പ്രദേശങ്ങളിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവരാണ് ഇവരിലേറെയും.