വ്യവസായ, ഊർജ മേഖലകളിൽ യു.എ.ഇയും ചൈനയും തമ്മിലെ സഹകരണം ശക്തമാക്കുന്നു. യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും അഡ്നോക് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ ചൈന സന്ദർശിച്ച് സർക്കാർ ഉദ്യോഗസ്ഥരുമായും വിവിധ കമ്പനി സി.ഇ.ഒമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
യു.എ.ഇ-ചൈന നയതന്ത്ര ബന്ധത്തിന്‍റെ 40ാം വാർഷിക ആഘോഷത്തിന് സാക്ഷ്യം വഹിച്ച പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ മേയ് മാസത്തിലെ ചൈന സന്ദർശനത്തിന്‍റെ തുടർച്ചയായ ചർച്ചകളാണ് നടന്നത്. പ്രധാനമായും വ്യവസായ, ഊർജ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിലാണ് ചർച്ച കേരന്ദീകരിച്ചത്.
കൂടിക്കാഴ്ചകളിൽ സുപ്രധാന മേഖലകളിലും പൊതു താൽപര്യമുള്ള മേഖലകളിലും വിവിധ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചതായി വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു. എണ്ണ, പ്രകൃതിവാതകം, പെട്രോകെമിക്കൽസ്, പുനരുപയോഗ ഊർജം, പി.വി മാനുഫാക്ചറിങ്, ലോജിസ്റ്റിക്കൽ സർവീസ്, ഷിപ്പിങ്, സംഭരണം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.