ഖത്തറിലെ സൂഖ് വാഖിഫിൽ ജൂലൈ 23ന് ആരംഭിച്ച ഡേറ്റ്സ് ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പിൽ അഞ്ച് ദിവസത്തിനകം 100,984 കിലോ ഈത്തപ്പഴവും ഈത്തപ്പഴ-ഉൽപ്പന്നങ്ങളും വിറ്റഴിച്ചു. സൂഖ് വാഖിഫ് അധികൃതർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫെസ്റ്റിവലിന്റെ ആദ്യ ദിനം 18,746 കിലോഗ്രാമും, രണ്ടാം ദിവസം 16,920 കിലോഗ്രാമും, മൂന്നാം ദിവസം 20,049 കിലോഗ്രാമും, നാലാം ദിവസം 22,740 കിലോഗ്രാമും, അഞ്ചാം ദിവസം 22,520 കിലോഗ്രാം ഏത്തപ്പഴവുമാണ് വിറ്റഴിച്ചത്. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്‌ക്വയറിലാണ് പ്രദര്‍ശനം നടക്കുന്നത്. ഓഗസ്റ്റ് 3 വരെ പ്രദർശനം തുടരും. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. വെള്ളിയാഴ്ചകളിൽ രാത്രി 10 മണി വരെ സന്ദർശിക്കാം. പ്രവേശനം സൗജന്യമാണ്.
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍, പ്രാദേശികവും അന്തർദേശീയവുമായ ഫാമുകളിൽ നിന്നുള്ള ഹലാവി, മസാഫത്തി, ഖലാസ്, മെഡ്‌ജൂൾ തുടങ്ങിയ സവിശേഷ ഈന്തപ്പഴ ഇനങ്ങളും ഉണ്ടായിരിക്കും. കൂടാതെ, പേസ്ട്രികൾ, കേക്കുകൾ, ജാമുകൾ, ജ്യൂസുകൾ, സ്മൂത്തികൾ, അച്ചാറുകൾ, ഐസ്ക്രീം എന്നിവ ഉൾപ്പെടെയുള്ള ഈന്തപ്പഴ ഉൽപ്പന്നങ്ങളും ഫെസ്റ്റിവലിൽ ഉൾപ്പെടുന്നുണ്ട്. ഖലാസ് ഈത്തപ്പഴമാണ് ഏറ്റവും ജനപ്രിയം. ഷിഷിയും ഖനിസിയുമാണ് ഖലാസിന് ശേഷം നടന്ന കൂടുതൽ വില്‍പ്പന. ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ 110 ഫാമുകളില്‍ നിന്നുള്ള പങ്കാളിത്തമുണ്ട്.