വെറുതെയിരിക്കുന്ന ചില ദിവസങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും. ഒന്നും തന്നെ ചെയ്യാൻ തോന്നാത്ത അവസ്ഥ. ഒന്നിനോട് പ്രത്യേകിച്ച് താല്പര്യമില്ലാത്ത പോലെ. കിടക്കയിൽ മണിക്കൂറുകളോളം കിടക്കും. എണീറ്റ് ഇരിക്കാൻ പോലും വലിയ അലസ തോന്നും. എന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ അതിനു പിന്നിലെ കാരണം അറിയാമോ..
ശരീരവും മാനസികവുമായ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. ഉറക്ക കുറവ്, അലസമായ ജീവിതശൈലി, പോഷകക്കുറവ് എന്നിവയൊക്കെ നിങ്ങളുടെ ഊർജ്ജത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഭക്ഷണക്രമത്തിലെ ഇരുമ്പ്, വിറ്റാമിൽ ഡി എന്നിവയുടെ ആപര്യാപ്തത അതിയായ ക്ഷീണം തോന്നിപ്പിക്കുന്നതിനു കാരണമാണ്. മാനസികമായ സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയും ഇതിൽ വലിയ പങ്ക് വഹിക്കുന്നു.
ഊർജ്ജത്തെ ബാധിക്കുന്ന ജീവിത രീതികൾ
ഭക്ഷണക്രമം: സംസ്കരിച്ചതും, മധുരമുള്ളതുമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് ഊർജ്ജം നൽകും എങ്കിലും പിന്നീട് വിപരീതമായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഊർജ്ജത്തിൻ്റെ സന്തുലനത്തിന് പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ മുഴുവനായും ഉൾപ്പെടുത്തിയ സമീകൃത ആഹാര രീതി പിൻതുടരാൻ ശ്രദ്ധിക്കുക.
ഉറക്കം: ഏഴ് മുതൽ ഏട്ട് മണിക്കൂർ വരെയുള്ള ഉറക്കം ഉറപ്പു വരുത്തുക. ശരീരത്തിന്റെ മികച്ച പ്രവർത്തനത്തിന് ഇത് അവശ്യമാണ്.
സമ്മർദ്ദം: അതിയായ സമ്മർദ്ദം കോർട്ടിസോളിൻ്റെ അളവ് വർധിപ്പിക്കുന്നു. പെട്ടെന്നുണ്ടാകുന്ന തളർച്ച, ക്ഷീണം എന്നിവയിലേയ്ക്ക് ഇത് നയിക്കുന്നു.
ആരോഗ്യാവസ്ഥയും ഊർജ്ജ കുറവും
എന്തെങ്കിലും പോഷകങ്ങളുടെ അപര്യാപ്തത കൊണ്ടോ, ചില രോഗാവസ്ഥകൾ കൊണ്ടോ ആകാം ഇങ്ങനെ ഉണ്ടാകുന്നത്. ഹൈപ്പോ തൈറോയിഡിസം, വിളർച്ച, പ്രമേഹം എന്നിവ വിട്ടുമാറാത്ത ക്ഷീണത്തിലേയ്ക്ക് നയിച്ചേക്കാവുന്ന അവസ്ഥകളാണെന്ന് ഡോ. ശ്രീനിവാസൻ പറയുന്നു.
വിറ്റാമിൻ ഡി, ഇരുമ്പ്, വിറ്റാമിൻ ബി എന്നിവയുടെ അപര്യാപ്തതയും ഇതിലേയ്ക്കു നയിച്ചേക്കാം. രക്ത പരിശോധനയിലൂടെ ഇവയുടെ കുറവ് കണ്ടെത്താൻ സാധിക്കും.
ഈ അലസത മാറ്റാൻ ചില വഴികളുണ്ട്
പ്രായോഗികമായ ലക്ഷ്യങ്ങൾക്കു മുൻഗണന കൊടുത്തു കൊണ്ട് പ്രവർത്തിക്കുക. ഏറ്റവും ഇഷ്ടമുള്ളതും താൽപ്പര്യമുള്ളതുമായ പ്രവൃത്തികളിൽ ഏർപ്പെടുക. ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും ഒരു ക്രിത്യനിഷ്ഠ കൊണ്ടുവരിക. കഠിനമല്ലാത്ത വ്യായാമ ശീലങ്ങൾ പിൻതുടരുവാൻ ശ്രമിക്കുക. സാമൂഹികമായ ഇടപെടലുകൾക്കു സമയം കണ്ടെത്തുക.
content highlight: why-you-feel-unmotivated-to-move-your-body