സൗദിയിലെ വിപുലമായ ധാതുസമ്പത്ത് പര്യവേഷണം ചെയ്യുന്നതിന് ആഗോള ഖനന കമ്പനികൾക്ക് ക്ഷണം. 4,788 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും അഞ്ച് പുതിയ പര്യവേഷണ മേഖലകൾ ഉൾപ്പെടെയുള്ളതുമായ രാജ്യത്തെ ഏറ്റവും വലിയ ധാതുമേഖലയിൽ ഖനനം ചെയ്യുന്നതിനാണ് വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം ഈ രംഗത്തെ വിദഗ്ധ കമ്പനികളെ ക്ഷണിക്കുന്നത്.
ഖനന, ധാതുമേഖലയെ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ സംരംഭം അടിവരയിടുന്നതെന്ന് വക്താവ് ജറാഹ് അൽ ജറാഹ് പറഞ്ഞു. വികസിത അടിത്തറയും വിലയേറിയ ലോഹ ഖനികളുമുള്ള ഇവിടെ ഖനനത്തിന് ഉയർന്ന മൂല്യമുള്ള കമ്പനികളെയാണ് ലക്ഷ്യമിടുന്നത്. പര്യവേഷണ ലൈസൻസുള്ള 1,000 ചതുരശ്ര കിലോമീറ്ററിനുള്ളിൽ ഖനനം ചെയ്യാൻ ശേഷിയുള്ള നിക്ഷേപകരെയാണ് ആവശ്യം.
2,892 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സയാദ് പർവതനിരയിൽ ചെമ്പ്, സിങ്ക്, ലെഡ്, സ്വർണം, വെള്ളി എന്നിവയുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 1,896 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അൽ ഹജ്ജാർ വാദി ശ്വാസ് മേഖലയിൽ സ്വർണം, വെള്ളി, ചെമ്പ്, സിങ്ക് എന്നിവയുടെ നിക്ഷേപമുണ്ട്. ജബൽ സയാദും അൽ-ഹജ്ജാറും രാജ്യം ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ധാതുമേഖലകളാണെന്ന് അൽ ജറാഹ് എടുത്തു പറഞ്ഞു.