തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിനടിയില്‍പ്പെട്ട് കാണാതായ അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ കൂടുതൽ കരുത്തോടെ തുടരണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാദൗത്യം അവസാനിപ്പിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇക്കാര്യം സൂചിപ്പിച്ച് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.
നേരത്തെ, ഷിരൂരിലെ രക്ഷാദൗത്യം താത്ക്കാലികമായി നിർത്തിവെച്ചതിൽ പ്രതിഷേധവുമായി കേരളത്തിലെ ജനപ്രതിനിധികൾ രംഗത്തെത്തിയിരുന്നു. തിരച്ചിൽ നിർത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയെന്ന് മന്ത്രി റിയാസ് പറഞ്ഞു. ശനിയാഴ്ച നടത്തിയ ചർച്ചയിൽ രക്ഷാദൗത്യം തുടരുമെന്നാണ് അറിയിച്ചിരുന്നതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
രക്ഷാപ്രവർത്തനം നിർത്തി വയ്ക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണ്. കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റൂ. കേരള സർക്കാർ ആകുന്നത് പോലെ ചെയ്തു. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതി ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തെരച്ചിൽ സ്ഥിരമായി നിർത്തുകയാണോ എന്ന് സംശയിക്കുന്നതായി എം വിജിൻ എംഎൽഎയും പറഞ്ഞു.