2പല തരത്തിലുള്ള അത്ഭുതങ്ങളും പ്രകൃതി നമുക്കായി ഒരുക്കിയിട്ടയുണ്ട്. അതിലൊന്നാണ് ലാസ്റ്റ് ചാൻസ് ലേക്ക് എന്ന തടാകം. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം സോഡ ലേക്ക് ഗണത്തിൽ ഉൾപ്പെടുന്നതാണ്. അളവിൽ കൂടുതൽ സോഡിയവും കാർബണേറ്റും അടങ്ങിയ ജലത്തോടുകൂടിയ തടാകങ്ങളെ വിളിക്കുന്ന പേരാണ് സോഡ ലേക്ക്. അത്രയധികം ആഴമൊന്നുമില്ലാത്ത ഈ തടാകത്തിൽ വളരെ വ്യത്യസ്തമായ രസതന്ത്ര സ്വഭാവമാണ് നിലനിൽക്കുന്നത്. സമുദ്രത്തെ അപേക്ഷിച്ച് ആയിരം മടങ്ങാണ് ഈ സമുദ്രത്തിൽ ഫോസ്‌ഫേറ്റിന്റെ അളവ്. 400 കോടി വർഷം മുൻപ് ഭൂമിയിൽ ജീവനു കാരണമായിരുന്ന സാഹചര്യങ്ങൾ ഈ തടാകത്തിലുണ്ടെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. ഡിഎൻഎ, ആർഎൻഎ തുടങ്ങിയ ജനിതക വസ്തുക്കളുടെ അടിസ്ഥാന യൂണിറ്റുകളായ ന്യൂക്ലിയോറ്റൈഡുകളുടെ രൂപീകരണത്തിനു പിന്നിൽ ഫോസ്‌ഫേറ്റാണ്.
ജൈവ രാസസംയുക്തങ്ങളായ ലിപ്പിഡുകളിലും ഇവ അടങ്ങിയിരിക്കുന്നു. ഫോസ്‌ഫേറ്റുകൾ എല്ലാ ജീവിവർഗങ്ങളും ഉണ്ടെങ്കിലും പ്രകൃതിയിൽ ഇതിന്‌റ അളവ് കുറവാണ്. ശുദ്ധജലതടാകത്തിലും ഫോസ്‌ഫേറ്റ് വളരെക്കുറവാണ്. ഇവയിലെ കാൽസിയവുമായി പ്രവർത്തിച്ച് കാൽഷ്യം ഫോസ്‌ഫേറ്റ് ഉണ്ടാകുന്നതാണു കാരണം.എന്നാൽ സോഡ ലേക്കുകളിൽ കാർബണേറ്റ് സാന്നിധ്യം കൂടുതലായതിനാൽ ഇതു സംഭവിക്കില്ല. ലോകത്ത് പലയിടങ്ങളിലും സോഡ ലേക്കുകളുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് അളവ് അടങ്ങിയിരിക്കുന്ന ജലം ലാസ്റ്റ് ചാൻസ് ലേക്കിലേതാണ്. വലിയ അളവിൽ ഉപ്പുമുള്ളതിനാൽ ഇവിടെ ജീവിവർഗങ്ങളും കുറവാണ്. ബ്രൈൻ ഫ്‌ലൈസ്, ബ്രൈൻ ഷ്രിംപ്‌സ് തുടങ്ങിയവയാണ് ഇതിലുള്ള വലിയ ജീവികൾ.