പാരീസ്: ഇനിയും നിരവധി മെഡലുകൾക്ക് രാജ്യത്തിന് അർഹതയുണ്ടെന്ന് മനു ഭാക്കർ. ഒളിമ്പിക്‌സിൽ വനിതാ വിഭാഗം ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടത്തിന് പിന്നാലെയാണ് പ്രതികരണം. ഈ വികാരം സ്വപ്നതുല്ല്യമായ ഒന്നാണ്. ഇതിന് പിന്നിൽ വളരെയധികം പരിശ്രമമുണ്ടായിരുന്നു എന്നും മനു പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം താൻ അതീവ നിരാശയിലായിരുന്നുവെന്നും അത് മറികടക്കാൻ ഒരുപാട് സമയമെടുത്തുവെന്നും വിജയശേഷം താരം പ്രതികരിച്ചു. ‘എനിക്ക് ചെയ്യാൻ സാധിക്കുന്നത് ഞാൻ ചെയ്യുകയായിരുന്നു. അവസാന ഷോട്ടിൽ മുഴുവൻ ഊർജ്ജവും ഉപയോഗിച്ച് ഞാൻ പോരാടി. അടുത്ത ഇവൻ്റിൽ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ്യത നേടുമ്പോൾ മുന്നോട്ട് എങ്ങനെയെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ബാക്കി വിധിക്കും ദൈവത്തിനും വിട്ടുകൊടുത്തു. താൻ ഇവിടെ ആത്മവിശ്വസത്തോടെ നിൽക്കുന്നതിന് കാരണഭൂതരായ എല്ലാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി’, മനു പറഞ്ഞു. മനുവിന്റെ മറുപടിയിൽ തികഞ്ഞ ആത്മവിശ്വസവും അഭിമാനവും നിറഞ്ഞു നിന്നിരുന്നു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് ടോക്യോ ഒളിമ്പിക്‌സിൽ ആ 19 വയസുകാരി നിറകണ്ണുകളോടെയാണ് കളംവിട്ടതെങ്കിൽ, 2024-ൽ വെങ്കലമെഡലിൽ മുത്തമിട്ട് മനു ഭാക്കർ എന്ന 22-കാരി പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ പതാക പാറിച്ച് രാജ്യത്തിന്റെ യശസുയർത്തി. 2020 ഒളിമ്പിക്‌സിൽ പിസ്റ്റലിലെ തകരാർ കാരണം യോഗ്യതാ റൗണ്ട് കടക്കാൻ സാധിക്കാതെ കണ്ണീരോടെ ഷൂട്ടിങ്ങ് റേഞ്ച് വിട്ട താരം ഇന്ന് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായി വെങ്കല മെഡലിൽ മുത്തമിട്ടപ്പോൾ രാജ്യത്തിന് ഇത് അഭിമാനനിമിഷം.
content highlight: manu-bhakar-pride-of-nation