അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നിർത്തില്ലെന്ന് കർവാർ എം.എൽ.എ. കേരള- കർണാടക മന്ത്രിമാർ ഫോണിൽ സംസാരിച്ചു. ചെളിയും മണ്ണും നീക്കാൻ തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുമെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം.എൽ.എ.
കേരള കാർഷിക സർവകലാശാലയുടെ കൈയ്യിലുള്ള ഉപകരണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂർ കളക്ടർക്ക് ഞായറാഴ്ച രാവിലെ 11-ന് സന്ദേശം അയച്ചിരുന്നു. അതിനാവശ്യമായ പണം ഉടൻ തന്നെ അടയ്ക്കാൻ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചു. രക്ഷാദൗത്യം അവസാനിപ്പിക്കാൻ തങ്ങൾക്ക് ഒരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളക്ടർക്ക് അയച്ച സന്ദേശവും അദ്ദേഹം തെളിവായി പുറത്തുവിട്ടു.
അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടകയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ഫലമുണ്ടാകുന്നതുവരെ തിരച്ചിൽ നടത്തണമെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കയച്ച കത്തിൽ പറയുന്നത്. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കർണാടക സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
നേരത്തെ, രക്ഷാദൗത്യം താത്ക്കാലികമായി അവസാനിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കേരളത്തിലെ ജനപ്രതിനിധികളടക്കം സംഭവത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.