ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചതായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ഞായറാഴ്ച വൈകുന്നേരം നടന്ന ഉന്നതലയോഗത്തിനുശേഷമാണ് കര്‍ണാടക ഔദ്യോഗികമായി തീരുമാനം അറിയിച്ചത്. അർജുനെ കാണാതായി പതിമൂന്നാം ദിവസമാണ് തിരച്ചില്‍ നിര്‍ത്തുന്നത്.
ഷിരൂരിൽ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ തിരച്ചിൽ തുടരുമെന്ന് സതീഷ്കൃഷ്ണ സെയിൽ പറഞ്ഞു. ഗംഗാവലി നദിയിലെ അടിയൊഴുക്ക് കുറയണമെന്നും ജലനിരപ്പ് താഴുന്നത് വരെ കാത്തിരിക്കണമെന്നും എംഎൽഎ പറഞ്ഞു.
തുടർനടപടികൾ ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തുവെന്ന് സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. ചെളിയും, മണ്ണും, പാറയും മാത്രമാണ് ഇപ്പോൾ കാണുന്നത്. യന്ത്രങ്ങൾ എത്തിയാൽ തിരച്ചിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ നിന്ന് ഡ്രഡ്ജിങ്ങ് മെഷീൻ കൊണ്ട് വരുമെന്നും ടെക്നീഷൻ എത്തി ആദ്യം പരിശോധിക്കണമെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
ശനിയാഴ്ചയും ഞായറാഴ്ചയുമായി മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ നദിയിലെ ശക്തമായ ഒഴുക്കും പ്രതികൂല സാഹചര്യങ്ങളും മൂലം തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെ പറഞ്ഞിരുന്നു. വെള്ളത്തിനടിയിൽ ഒന്നും കാണാനാകുന്നില്ല. മണ്ണും പാറയും കടപുഴകിയ മരങ്ങളുമുണ്ട്. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്കരമാണ്. ഈ സാഹചര്യത്തിലാണ് താൽക്കാലികമായി രക്ഷാപ്രവർത്തനം നിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് എം വിജിൻ എംഎൽഎ ആവശ്യപ്പെട്ടു. തിരച്ചിൽ തുടരണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായി എം വിജിൻ പറഞ്ഞു. കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് രക്ഷാദൗത്യം നടത്തണം. കഴിഞ്ഞദിവസം നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് എം വിജിൻ പറഞ്ഞു. അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരണണെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് അയച്ചിരുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.