തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തരുതെന്ന് സഹോദരി അഞ്ജു. കർണാടക-കേരള സർക്കാറുകളുടെ ഭാഗത്ത് നിന്നും ഇതുവരെ എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നാൽ, തിരച്ചിൽ നിർത്തുവെന്ന് കേൾക്കുമ്പോൾ അത് ഉൾക്കൊള്ളാൻ ബുദ്ധുമുട്ടുണ്ടെന്നും അഞ്ജു പ്രതികരിച്ചു. തിരച്ചിൽ താത്കാലികമായി നിർത്താനുള്ള തീരുമാനത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം.
അർജുനെവിടെയെന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരം വേണം. അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം. ടെക്നോളജികൾ ഉപയോഗിച്ച് അർജുനെ കണ്ടെത്താൻ ശ്രമിക്കണം. ദൌത്യത്തിൽ നിന്ന് പിൻവാങ്ങരുത്. അർജുനൊപ്പം കാണാതായവരെയും കണ്ടെത്തണമെന്നും രക്ഷാപ്രവർത്തനത്തിൽ ആരെയും കുറ്റം പറയുന്നില്ലെന്നും അഞ്ജു വ്യക്തമാക്കി.
കാലാവസ്ഥ ചൂണ്ടിക്കാണിച്ച് താത്കാലികമായാണ് നിർത്തുന്നത് എന്ന് പറയുന്നുണ്ടെങ്കിലും അതിൽ ഒരു അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എത്ര സമയത്തേക്കാണ് എന്നു വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരണമെന്നും സാങ്കേതിക വിദ്യകളുടെ പരമാവധി ഉപയോഗിച്ച് മുന്നോട്ടുപോകണമെന്നും അവർ ആവശ്യപ്പെട്ടു.
അർജുനുവേണ്ടി പുഴയിലിറങ്ങിയുള്ള തിരച്ചിൽ തത്ക്കാലം തുടരാനാകില്ലെന്നാണ് ഉന്നതതല യോഗത്തിൽ കർണാടക അറിയിച്ചത്. തിരച്ചിൽ നിർത്തരുതെന്ന് കേരളത്തിൽ നിന്നുള്ള എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടു. കാലാവസ്ഥ അനുകൂലമായാൽ ദൗത്യം തുടരുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഗംഗാവലിയിലെ കുത്തൊഴുക്കിനെ തുടർന്ന് തിരച്ചിലിനെത്തിയ ഈശ്വർ മാൽപേയുടെ സംഘം മടങ്ങിയിരുന്നു.
ചെളിയും മണ്ണും നീക്കാൻ തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കും. തൃശൂർ കാർഷിക സർവകലാശാലയിൽ സൂക്ഷിച്ചിട്ടുള്ള യന്ത്രമാണ് അങ്കോലയിലെത്തിക്കുക. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് അധികൃതർക്ക് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചാൽ ആവശ്യപ്പെടുന്ന മുറയ്ക്ക് യന്ത്രമോ, ടെക്നീഷ്യനോ അങ്കോലയിലേക്ക് പോകാൻ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.