തൃശൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്ന ദൗത്യത്തിൽ പങ്കെടുക്കാനായി തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക്. കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ബാർജ് നദിയിൽ ഉറപ്പിച്ച് നിർത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റർമാർ പോകുന്നത്.
ഹിറ്റാച്ചി ബോട്ടിൽ കെട്ടി നിർമ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ. കോൾപ്പടവുകളിൽ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങി നൽകിയ ഈ മെഷീൻ ഇപ്പോൾ കാർഷിക സർവ്വകലാശാലയുടെ കൈയ്യിലാണുള്ളത്. 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത.
അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് കർണ്ണാടക കളക്ടർ തൃശൂർ കളക്ടറോട് വിവരം തേടിയിരുന്നു. കുത്തൊഴുക്കുള്ള പുഴയിൽ യന്ത്രം പ്രവർത്തിപ്പിക്കാനാവുമോ എന്നാണ് പരിശോധിക്കുന്നത്. അതിനായാണ് ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് പോകുന്നത്.
നേരത്തെ, പുഴയിലെ മണ്ണുനീക്കി ലോറി പുറത്തെടുക്കാൻ തൃശൂരിൽനിന്ന് ഡ്രഡ്ജിങ് മെഷീൻ സംഭവസ്ഥലത്തെത്തിക്കുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞിരുന്നു. രണ്ടുദിവസത്തിനകം മെഷീനെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
‘ചെളികലർന്ന് ചുവന്ന് കലങ്ങിമറിഞ്ഞതാണ് പുഴയിലെ വെള്ളം. നല്ല അടിയൊഴുക്കുമുണ്ട്. രക്ഷാപ്രവർത്തകൻ ഈശ്വർ മൽപെ രണ്ടുതവണ ഒഴുക്കിൽപെട്ടു. അവർക്ക് അടിത്തട്ടിൽ ഒന്നും കാണാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ തെരച്ചിൽ പ്രയാസമേറിയതാണ്’ -സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാട്ടി നാല് ദിവസത്തേക്ക് നിർത്തിവെക്കാനായിരുന്നു കർണാടക സർക്കാറിന്റെ തീരുമാനം. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാദൗത്യം ദുഷ്കരമാണെന്ന് കാർവാർ എം.എൽ.എ പറഞ്ഞിരുന്നു. മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും നേവിയും എൻ.ഡി.ആർ.എഫ് സംഘങ്ങളും ഒന്നിച്ച് പരിശ്രമിച്ചാണ് ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. തിരച്ചിലിന് അത്യാധുനിക യന്ത്രങ്ങൾ വേണമെന്നും അവ കൊണ്ടുവരാൻ ദിവസങ്ങളെടുക്കുമെന്നുമായിരുന്നു എം.എൽ.എ പറഞ്ഞത്.