കൊല്ലം: നിയന്ത്രണംവിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് വൈകിട്ട് മൂന്നരയോടെ ഓച്ചിറ വവ്വാക്കാവ് മണപ്പള്ളി വടിമുക്ക് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പരിക്കേറ്റ മൂന്ന് പേരെ കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരുടെയും നില ഗുരുതരമല്ല.
നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റുകളിലിടിച്ച ശേഷം റോഡില്‍ തലകീഴായി മറിയുകയായിരുന്നു. തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് ആംബുലന്‍സ് ഉയര്‍ത്തിയത്.
ആംബുലന്‍സില്‍ രോഗി ഉണ്ടായിരുന്നില്ല. ആംബുലന്‍സ് ഡ്രൈവറുടെ സുഹൃത്തുക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്.
ഡ്രൈവറെ ഉള്‍പ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ ഇവരുടെ യാത്രയുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നതുള്‍പ്പടെ മനസിലാക്കാന്‍ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നതുള്‍പ്പടെ അന്വേഷിക്കുന്നുണ്ട്.