ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം വിദ്യാർഥികൾ സിവിൽ സർവീസ് പരിശീലനം നടത്തുന്ന സ്ഥലമാണു ഡൽഹിയിലെ കരോൾബാഗ്, മുഖർജി നഗർ, ഓൾഡ് രജീന്ദർ നഗർ പ്രദേശങ്ങൾ. നൂറുകണക്കിനു സ്ഥാപനങ്ങളിലായി ഓരോ വർഷവും എത്തുന്നതു പതിനായിരക്കണക്കിനു വിദ്യാർഥികൾ. അപകടമുണ്ടായ രജീന്ദർ നഗറിലെ കോച്ചിങ് സെന്റർ പ്രവർത്തിച്ചിരുന്നതു ചട്ടങ്ങളെല്ലാം ലംഘിച്ചാണെന്ന് അധികൃതർ പറയുന്നു.
2021 ഓഗസ്റ്റ് 9ന് ആണു ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) സ്ഥാപനം പ്രവർത്തിക്കാനുള്ള എതിർപ്പില്ലാരേഖ (എൻഒസി) നൽകിയത്. പാർക്കിങ്ങിനും സാധനങ്ങൾ എടുത്തുവയ്ക്കാനും മാത്രമേ ബേസ്മെന്റ് ഉപയോഗിക്കാവൂ എന്നായിരുന്നു നിർദേശം. ഡൽഹി ഫയർ സർവീസസ് എൻഒസി നൽകുന്നത് ഈ മാസമാദ്യം. ഇതിലും ബേസ്മെന്റ് സ്റ്റോർ റൂമിനും പാർക്കിങ്ങിനുമല്ലാതെ മറ്റൊരാവശ്യത്തിനും ഉപയോഗിക്കരുതെന്നു വ്യക്തമാക്കിയിരുന്നു. അകത്തേക്കും പുറത്തേക്കും കടക്കാൻ 2 വാതിലുകളില്ലാത്ത ഈ ഭാഗം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും നിർദേശിച്ചു. ഇതെല്ലാം അവഗണിച്ചാണു പാർക്കിങ്ങിനും താഴെയുള്ള നിലയിൽ ഡിങ് റൂം സജ്ജീകരിച്ചത്. ഇവിടെ ഒരു വാതിൽ മാത്രമാണുള്ളത്.
അപകടമുണ്ടായ റാവൂസിൽ 150 പേർക്കുള്ള സൗകര്യമാണു തറനിരപ്പിനും താഴെയുള്ള റീഡിങ് റൂമിലുള്ളത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണു ഈ മുറി സാധാരണ പ്രവർത്തിക്കുന്നതെങ്കിലും വിദ്യാർഥികൾ അൽപസമയം കൂടി ഇരിക്കാറുണ്ട്. ശനിയാഴ്ചയായതിനാൽ വിദ്യാർഥികൾ കുറവായിരുന്നു. ഏതാനും ആഴ്ച മുൻപു നഗരത്തിൽ കനത്ത മഴയുണ്ടായപ്പോഴും ഈ നിലയിൽ വെള്ളം കയറിയിരുന്നു. പ്രദേശത്തെ പല കോച്ചിങ് സെന്ററുകളിലും സമാന സാഹചര്യമാണെന്നും പലയിടത്തും ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാണു വാതിൽ തുറക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു. രാജ്യത്തെ സ്വകാര്യ സിവിൽ സർവീസ് പരിശീലന രംഗം 3000 കോടി രൂപയുടേതാണെന്നാണ് അനൗദ്യോഗിക കണക്ക്.