തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്. പ്രതിയെത്തിയ കാറിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെങ്കിലും വ്യാജ നമ്പറാണെന്ന് തെളിഞ്ഞതോടെ കൂടുതൽ ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്. ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
പരിക്കേറ്റ ഷിനിയുടെ വീടിനു സമീപത്തായി കാർ നിർത്തിയ ശേഷം പ്രതി ഇറങ്ങി വരുന്നതിന്‍റെ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. അക്രമത്തിന്‍റെ ദൃശ്യങ്ങളും ലഭ്യമല്ല. ഇതോടെയാണ് കാർ പോയ വഴിക്കുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് തേടിയത്. ഒട്ടേറെ ദൃശ്യങ്ങൾ പൊലീസ് ഇതിനോടകം ശേഖരിച്ചുകഴിഞ്ഞു. ഷിനിയുടെ വീടുള്ള റസിഡൻഷ്യൽ ഏരിയയിലെ ഒരു സിസിടിവി ദൃശ്യത്തിൽ മാത്രമാണ് കാർ കൃത്യമായി പതിഞ്ഞത്. കാറിൽ പതിപ്പിച്ചിരുന്ന നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തെളിഞ്ഞതോടെ ആ സാധ്യതയും അടഞ്ഞു. ആര്യനാട് സ്വദേശിയായ ഒരു വ്യക്തിയുടെ സ്വിഫ്റ്റ് കാറിന്‍റെ നമ്പറാണ് അക്രമിയുടെ കാറിൽ പതിപ്പിച്ചിരുന്നത്.
നമ്പറിന്‍റെ യഥാർത്ഥ ഉടമയുടെ മൊഴിയും പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് ഇയാൾ കോഴിക്കോട് സ്വദേശിക്ക് കാർ വിറ്റതായി പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇതോടെ ആസൂത്രിതമായ കുറ്റകൃത്യമാണ് നടന്നതെന്ന് പൊലീസിന് ബോധ്യപ്പെട്ടു. കാറിൽ അക്രമിയായ സ്ത്രീയെക്കൂടാതെ മറ്റാരോ ഉണ്ടായിരുന്നെന്ന സംശയം കൂടി പൊലീസിനുണ്ട്. ഇതിനിടെ ഷിനിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.
ഞായർ രാവിലെ 8.30നായിരുന്നു സംഭവം. കുറിയർ നൽകാനുണ്ടെന്ന പേരിൽ വീട്ടിലെത്തിയ യുവതി മേൽവിലാസം പരിശോധിച്ചശേഷം തോക്കെടുത്ത് ഷിനിയെ വെടിവയ്ക്കുകയായിരുന്നു. സംഭവസമയത്ത് ഷിനി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. റസിഡൻഷ്യൽ കോളനിയിൽ നടന്ന സംഭവം നഗരവാസികളെയാകെ ഞെട്ടിച്ചിരുന്നു.