ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രാഷ്ട്രീയ പാർട്ടിയുമായി സജീവമാകാനാണ് തീരുമാനം. സമൂഹത്തിന്റെ അടിത്തട്ടിൽ നടത്തുന്ന പ്രചരണ ക്യാമ്പയിൻ ആണ് സൂരജ് അബിയാൻ. ഇതിനെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനാണ് ലക്ഷ്യം. ഒന്നരലക്ഷത്തോളം ആളുകൾ പാർട്ടി അംഗങ്ങൾ ആകുമെന്നാണ് കണക്കുകൂട്ടുന്നത്. ബീഹാർ കേന്ദ്രീകരിച്ച് ആണ് നിലവിൽ പ്രവർത്തിക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ ജൻ സൂരജ് അഭിയാൻ രാഷ്ട്രീയപാർട്ടിയാകും.
പാർട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി 8 യോഗങ്ങൾ ബിഹാറിൽ വിളിച്ചുകൂട്ടും. നേതൃത്വത്തിൽ ആരൊക്കെയാകും ഉണ്ടാവുക, പാർട്ടി ഭരണഘടന എങ്ങനെ, മുന്‍ഗണനകള്‍ എന്തൊക്കെയാകണം എന്നിവയെല്ലാം ചര്‍ച്ചയാകും. വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പ്രശാന്ത് കിഷോർ പാർട്ടി പ്രഖ്യാപിച്ചാൽ അത് ജെഡിയുവിനും ആർജെഡിക്കും ഭീഷണിയാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുെട വിലയിരുത്തൽ.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിനും അദേഹത്തിന്റെ പാർട്ടിയായ ജെഡിയുവിനുമെതിരെ ഭരണവിരുദ്ധ വികാരം ബിഹാറിൽ ശക്തമാണ്. പരമ്പരാഗത വോട്ടുകൾക്ക് അപ്പുറം പിടിച്ചെടുക്കാൻ ആർജെഡിക്കു കഴിയുന്നുമില്ല. ഈ സാഹചര്യത്തില്‍ പുതിയ പാർട്ടിക്ക് ബിഹാറിൽ പ്രസക്തിയുണ്ടെന്നാണ് പ്രശാന്ത് കിഷോറിന്റെ നിഗമനം. ദേശീയ പാർട്ടികളായ കോൺഗ്രസും ബിജെപിയും പ്രശാന്ത് കിഷോറിന്റെ നീക്കത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ വിഷയങ്ങൾ ചര്‍ച്ചയാക്കി സമൂഹത്തിന്റെ താഴേക്കിടയിലേക്കുള്ളവരിലേക്ക് ഇറങ്ങിച്ചെന്നാണ് പ്രശാന്ത് കിഷോര്‍ ക്യാംപെയ്ൻ നടത്തുന്നത്. ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശാന്തിന്റെ നീക്കം ദേശീയ രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിച്ചേക്കും.
content highlight: prashant-kishor-jan-suraaj-gandhi-jayanti