കരിഞ്ചീരകം എന്നത് കാലങ്ങളായി പല തരം രോഗങ്ങൾക്ക് ആശ്വാസം ലഭിക്കാൻ ഉപയോഗിച്ച് വരുന്നു. ഇതിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ പല ഔഷധ ആവശ്യങ്ങൾക്കും ഉപയോഗിച്ച് വരുന്നു. കരിഞ്ചീരക എണ്ണ അഥവാ ബ്ലാക്ക് സീഡ് ഓയിൽ (Black Seed Oil) ആൻറി ഓക്‌സിഡന്റ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ നിറഞ്ഞതിനാൽ ആരോഗ്യപരമായ നിരവധി ഗുണങ്ങളും ലഭിക്കുന്നു. കരിഞ്ചീരകത്തിൽ നിന്ന് കോൾഡ് പ്രസ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എണ്ണ വേർതിരിച്ചെടുക്കുന്നത്.ആയുർവേദം, യുനാനി തുടങ്ങിയ ഇന്ത്യൻ വൈദ്യശാസ്ത്രത്തിലെ ഒരു പ്രധാന ചേരുവ കൂടിയാണ് ബ്ലാക്ക് സീഡ് ഓയിൽ. ജീവശാസ്ത്രപരമായ സവിശേഷതകളും അത് വഹിക്കുന്ന ചികിത്സാ സാധ്യതകളും സംബന്ധിച്ച് വിപുലമായ പഠനങ്ങളും നടന്നിട്ടുണ്ട്. കാൻസർ തടയാനും, പ്രമേഹം തടയാൻ സഹായിക്കുന്ന ആൻറി ഡയബറ്റിക് ആയിട്ടും, ആൻറി ഇൻഫ്ലമേറ്ററി, വേദനസംഹാരി, ആസ്ത്മ തടയുന്ന ഗുണങ്ങൾക്കും, വയറിന്റെ ആരോഗ്യത്തിനും, ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കാനും ഉൾപ്പെടെ ഗുണങ്ങളുടെ വിശാലമായ ഒരു നിര തന്നെ ഇതിന് ഉണ്ട്.
ബ്ലാക്ക് സീഡ് ഓയിലിൽ ആൻറി മൈക്രോബയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് എക്സിമ അഥവാ കരപ്പൻ പോലുള്ള ചില ചർമ്മ പ്രശ്നങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നു. ബ്ലാക്ക് സീഡ് ഓയിൽ ചർമ്മത്തിൽ പുരട്ടുന്നത് മുഖക്കുരു, സോറിയാസിസ് തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും വരണ്ട ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകുകയും ചെയ്യുന്നു.
Content highlight : Black seed oil benefits