ജോലിയില്‍ നിന്ന് പെന്‍ഷന്‍ ആയി കഴിഞ്ഞാല്‍ ജീവിതത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന് വിചാരിക്കുന്നവരാണ് മിക്ക പുരുഷന്മാരും. പുരുഷന്മാര്‍ എന്ന് എടുത്തു പറയാന്‍ കാരണം, സ്ത്രീകളില്‍ പലരും വീട്ടുജോലിയില്‍ എന്‍ഗേജ്ഡ് ആയി ഇരിക്കുന്നതായി ആണ് നാം പൊതുവേ കാണാറ്. അടുക്കളയിലെ പണികളോ മറ്റ് വീട്ടുജോലികളോ ഒന്നും തങ്ങളുടെ ജോലി അല്ലെന്ന് വിശ്വസിക്കുന്ന പുരുഷന്മാരാണ് നമ്മുടെ സമൂഹത്തില്‍ ഇന്ന് പലരും. ശാരീരികമായ ബുദ്ധിമുട്ടും മറ്റും കാരണം വീട്ടിലെ പുറം പണികള്‍ക്കൊക്കെ ജോലിക്ക് ആളെ വെച്ചിട്ടുണ്ടാകും. അപ്പോള്‍ പിന്നെ പുരുഷന്മാര്‍ക്ക് പ്രത്യേകിച്ച് ഒന്നും തന്നെ വീടുകളില്‍ ചെയ്യാനില്ല എന്നാണ് അവര്‍ കരുതുന്നത്. ഒന്നും ചെയ്യാനില്ലാതെയും ആരാലും അന്വേഷിക്കപ്പെടാതെയും ഇരിക്കുമ്പോള്‍ ഇന്ന് പലരും മദ്യത്തിന് അടിമപ്പെട്ട് പോകാറുണ്ട്. ഇത്തരക്കാരെക്കുറിച്ച് ഡെനിസ് അറക്കല്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘നമ്മുടെ നാട്ടിലെ പെന്‍ഷന്‍ ആയ പുരുഷന്മാര്‍ പലരും രാവിലെ എണീറ്റ് ഒന്നു നടക്കാന്‍ പോകും. ചിലപ്പോള്‍ പള്ളിയിലോ അമ്പലത്തിലോ പോയി, പിന്നെ ഒരു ചായ കുടിച്ചു തിരിച്ചു വീട്ടില്‍ വരും. വീട്ടില്‍ വന്നാല്‍ ഷര്‍ട്ടൂരിമാറ്റി ഒരു വെള്ള ബനിയന്‍ ഇട്ട്, കൈലിയുടുത്ത്, പച്ച ഓസ് കൊണ്ട് ചെടികള്‍ നനയ്ക്കും. ചിലപ്പോള്‍ സാമുദായിക സംഘടനകളില്‍ പോയി ഒന്ന് തല കാണിക്കും. അതോടെ തീര്‍ന്നു. വൈകിട്ടാകുമ്പോള്‍ ഭാര്യ പോലും അറിയാതെ രണ്ടാം നിലയില്‍ ഇരുന്ന് രണ്ടെണ്ണം അടിക്കും. മുട്ടുവേദന കാരണം മുകളിലോട്ട് കയറി ചെല്ലാത്ത ഭാര്യ, ഇടയ്‌ക്കൊന്നു അങ്ങോട്ട് ചെല്ലുമ്പോള്‍ നിരനിരയായി ഇരിക്കുന്ന കാലി മദ്യ കുപ്പികള്‍ കണ്ട് വാ പൊളിക്കും.
ഇടയ്ക്ക് മാത്രം രണ്ടെണ്ണം അടിച്ചു കൊണ്ടിരുന്ന പലരും, പെന്‍ഷനായി കഴിഞ്ഞ്, മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്, മൂന്നിലേക്കും നാലിലേക്കും സാധാരണ നീങ്ങാറുണ്ട്. ഒരു കൂരയ്ക്കു കീഴെ ‘പ്രാക്ടിക്കലായി’ രണ്ട് ജന്മങ്ങളായി ജീവിക്കുന്ന പലരും, അവരുടെ നല്ല പകുതിയുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് താമസിച്ചു മാത്രമേ അറിയുകയുള്ളൂ. ഇതു പലപ്പോഴും ട്രാജഡിയായി ഭവിക്കുന്നത് പുരുഷന്മാരുടെ ജീവിതത്തിലാണ്. വീടിനു മുകളില്‍ ഇരിക്കുന്ന ആളെക്കുറിച്ച് വീട്ടിലുളളവര്‍ക്ക് എപ്പോഴും ഒരു ഓര്‍മ്മ വേണം. വീട്ടുകാരും നാട്ടുകാരും അറിയാതെയാണ് പലരും മദ്യത്തിന് പെട്ടെന്ന് തന്നെ അടിമയായി പോകുന്നത്. ആരും ചോദിക്കാനും, സ്‌നേഹിക്കാനും, പറയാനും ഇല്ലാത്ത പുരുഷന്മാര്‍ക്ക് ഒരു വര്‍ഷം രണ്ട് വയസ്സാണ് കൂടുന്നത്. അവര്‍ പെട്ടെന്ന് പ്രായമായി പോകും.
സ്ത്രീകളെപ്പോലെ പുതിയ ബന്ധങ്ങളും, അത്ര പെട്ടെന്ന് പുതിയ കൂട്ടുകാരെയും ഉണ്ടാക്കാന്‍ അറിയാത്ത പുരുഷന്മാര്‍, തന്റെ കൂട്ടുകാര്‍ ഓരോന്നായി ഈ ലോകത്തില്‍ നിന്ന് പോയി കഴിയുമ്പോള്‍, തികച്ചും ഏകനാകും. ഭാര്യയുമായി മാനസികമായി അടുപ്പമില്ലാത്ത ചിലര്‍, ഇതിനിടെ സ്‌കൂള്‍ റീയൂണിയനില്‍ വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ പഴയ ക്രഷുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്യും. പലര്‍ക്കും പിന്നെ വൈകുന്നേരം യൂട്യൂബ് വീഡിയോയും ഗ്ലാസിലെ മദ്യവും മാത്രമാകും ശരണം. ഭക്ഷണത്തിന് താഴെ വരാന്‍ ആയി വിളി വരുന്നതുവരെ, മുകളിലെ മുറിയില്‍ തന്നെ കഴിഞ്ഞു കൂടും. പഴയ ആ പ്രതാപിയായ സിംഹം അങ്ങനെ മുറിയില്‍ ഒതുങ്ങി പതുക്കെ ഒരു ഓര്‍മ്മയായി മറഞ്ഞു പോകാന്‍ ഇടവരുത്തരുത്..നിങ്ങളുടെ ഒരു കണ്ണ് വേണം…’ ഡെനിസ് എഴുതിയ കുറിപ്പ്.