ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ ലെബനന്‍ ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരോട് ”ജാഗ്രത പാലിക്കാനും” എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും പ്രഖ്യാപിച്ചു. തിങ്കളാഴ്ച തെക്കന്‍ ലെബനനില്‍ ഇസ്രായേലി ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഇസ്രായേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ റോക്കറ്റ് ആക്രമണം നടത്തി 12 യുവാക്കളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഇത് ഹിസ്ബുള്ള നടത്തിയതാണെന്ന് ഇസ്രായേലും യുഎസും കുറ്റപ്പെടുത്തിയിരുന്നു.
‘മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുത്ത്, ലെബനനിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ലെബനനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരും ജാഗ്രത പാലിക്കാനും ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസിയുമായി അവരുടെ ഇമെയില്‍ ഐഡി വഴി ബന്ധപ്പെടാനും നിര്‍ദ്ദേശിക്കുന്നു: cons.beirut@mea. gov.in അല്ലെങ്കില്‍ എമര്‍ജന്‍സി ഫോണ്‍ നമ്പറായ +96176860128 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.’
ഇസ്രായേലും ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പും ഒരു സമ്പൂര്‍ണ്ണ യുദ്ധത്തില്‍ ഏര്‍പ്പെടുമെന്ന ഭയത്താല്‍ ബെയ്റൂട്ട് വിമാനത്താവളത്തിലെ വിമാനങ്ങളില്‍ പലതും റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. അതിര്‍ത്തിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഡ്രോണ്‍ ഇടിക്കുകയും രണ്ട് റൈഡര്‍മാര്‍ കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തെക്കന്‍ ലെബനനില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഹിസ്ബുള്ളയുടെ പ്രവര്‍ത്തകരെയും അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 12 കൊല്ലപ്പെട്ട റോക്കറ്റ് ആക്രമണത്തില്‍ ഹിസ്ബുള്ളയെ ഇസ്രായേല്‍ കുറ്റപ്പെടുത്തി. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം അതിര്‍ത്തിക്കപ്പുറത്ത് താഴ്ന്ന പ്രദേശങ്ങളില്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഇറാനുമായി ചേര്‍ന്ന് നില്‍ക്കുന്ന ലെബനീസ് സായുധ സംഘം, ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിനെ ആക്രമിക്കുന്നത് തുടരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഞായറാഴ്ചയാണ് ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിന് അനുമതി നല്‍കിയത്.
ഇസ്രായേലിന്റെ പ്രതികരണം ‘പരിമിതവും എന്നാല്‍ പ്രാധാന്യമുള്ളതും’ ആയിരിക്കുമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാലങ്ങള്‍, വൈദ്യുത നിലയങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ പരിമിതവും എന്നാല്‍ ‘ഫോട്ടോജെനിക്’ ആക്രമണം മുതല്‍ ഹിസ്ബുള്ള ആയുധ ഡിപ്പോകളിലെ സ്ട്രൈക്കുകള്‍ വരെയുള്ള ഓപ്ഷനുകള്‍ അതില്‍പ്പെടുന്നുണ്ട്. ഇസ്രായേല്‍ പ്രത്യാക്രമണങ്ങള്‍ പ്രതീക്ഷിച്ച്, ഹിസ്ബുള്ളയും അതിന്റെ അനുബന്ധ ഗ്രൂപ്പുകളും ലെബനന്റെയും സിറിയയുടെയും ചില ഭാഗങ്ങളില്‍ ചില സ്ഥാനങ്ങള്‍ ഒഴിപ്പിച്ചതായി ലെബനീസ് ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങളെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇസ്രായേലിന്റെ പ്രതികാരഭീതി ബെയ്‌റൂട്ടിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും വ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ബെയ്‌റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രംഗം താറുമാറായി, പല വിമാനക്കമ്പനികളും അവരുടെ വിമാനങ്ങള്‍ റദ്ദാക്കുകയും യാത്രക്കാര്‍ ടെര്‍മിനലുകള്‍ക്ക് പുറത്ത് ക്യൂ നില്‍ക്കുകയും ചെയ്തുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ലിബിയയിലും നഗോര്‍ണോ-കറാബാഖിലും മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ തുര്‍ക്കി ഇസ്രായേലിലേക്ക് പ്രവേശിച്ചേക്കുമെന്ന് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ഞായറാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഏത് തരത്തിലുള്ള ഇടപെടലാണ് നിര്‍ദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ കടുത്ത വിമര്‍ശകനായ എര്‍ദോഗന്‍, തന്റെ രാജ്യത്തിന്റെ പ്രതിരോധ വ്യവസായത്തെ പ്രശംസിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. പാലസ്തീനോട് ഇത്തരം പരിഹാസ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇസ്രയേലിന് കഴിയാതിരിക്കാന്‍ നമ്മള്‍ ശക്തരായിരിക്കണം. കറാബാക്കില്‍ പ്രവേശിച്ചതു പോലെ, ലിബിയയില്‍ പ്രവേശിച്ചത് പോലെ, നമുക്കും അവരെപ്പോലെ തന്നെ ചെയ്യാം,’ എര്‍ദോഗന്‍ തന്റെ ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ യോഗത്തില്‍ പറഞ്ഞു. ”ഞങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയാത്തതിന് ഒരു കാരണവുമില്ല. ഈ നടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ ശക്തരായിരിക്കണം,” എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെയാണ് പ്രസിഡന്റ് പരാമര്‍ശിക്കുന്നത്. 2020ല്‍, ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഗവണ്‍മെന്റ് ഓഫ് നാഷണല്‍ അക്കോര്‍ഡ് ഓഫ് ലിബിയയെ പിന്തുണച്ച് തുര്‍ക്കി ലിബിയയിലേക്ക് സൈനികരെ അയച്ചു. ട്രിപ്പോളിയിലെ ദേശീയ ഐക്യ സര്‍ക്കാരിന്റെ തലവനായ ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് അല്‍-ദ്ബീബയെ തുര്‍ക്കി പിന്തുണയ്ക്കുന്നു. നഗോര്‍നോ-കറാബാഖിലെ അസര്‍ബൈജാന്‍ സൈനിക നടപടികളില്‍ നേരിട്ടുള്ള പങ്ക് തുര്‍ക്കി നിഷേധിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സൈനിക പരിശീലനവും ആധുനികവല്‍ക്കരണവും ഉള്‍പ്പെടെയുള്ള എല്ലാ മാര്‍ഗങ്ങളും തങ്ങളുടെ അടുത്ത സഖ്യകക്ഷിയെ പിന്തുണയ്ക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞു.
CONTENT HIGHLIGHTS;Israel Hezbollah Conflict: Indian Citizens Beware?; Lebanon issued a warning